മഹാരാഷ്ട്ര: സുപ്രിം കോടതിയില്‍ ഹരജി; 24 മണിക്കൂറിനകം വിശ്വാസ വോട്ടെടുപ്പ് നടത്തണം
റിട്ട് ഹര്‍ജിയില്‍ ഇന്നു തന്നെ വാദം കേള്‍ക്കണമെന്നും ആവശ്യമുണ്ട്. മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം ചട്ടവിരുദ്ധമാണെന്നും സംസ്ഥാനത്ത് കുതിരക്കച്ചടവം തടയാന്‍ 24 മണിക്കൂറിനകം വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ന്യൂഡല്‍ഹി: ദേവേന്ദ്ര ഫഡ്‌നാവിസ് നേതൃത്വം നല്‍കുന്ന ഒരു ബിജെപി ന്യൂനപക്ഷ സര്‍ക്കാരിനെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിച്ച മഹാരാഷ്ട്ര ഗവര്‍ണര്‍ ബി എസ് കോശ്യാരിയുടെ ഏകപക്ഷീയവും വഞ്ചനാത്മകവുമായ നടപടിക്കെതിരേ ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ സുപ്രിം കോടതിയില്‍ ഹരജി നല്‍കി. റിട്ട് ഹര്‍ജിയില്‍ ഇന്നു തന്നെ വാദം കേള്‍ക്കണമെന്നും ആവശ്യമുണ്ട്. മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം ചട്ടവിരുദ്ധമാണെന്നും സംസ്ഥാനത്ത് കുതിരക്കച്ചടവം തടയാന്‍ 24 മണിക്കൂറിനകം വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, തുടര്‍ച്ചയായ ചര്‍ച്ചകളില്‍ മനം മടുത്താണ് ബിജെപിയോടൊത്തു സര്‍ക്കാരുണ്ടാക്കിയതെന്ന് എന്‍സിപി നേതാവ് അജിത് പവാര്‍ വിശദീകരിച്ചു.
ഏഴ് വിമത എംഎല്‍എമാര്‍ എന്‍സിപി ക്യാംപില്‍ തിരിച്ചെത്തിയതായും വിവരമുണ്ട്. ഡല്‍ഹിക്കു പോകാനിരുന്നവരെയാണു തിരിച്ചെത്തിച്ചത്. പാര്‍ട്ടിയുടെ നിയമസഭാ കക്ഷിയോഗവും തുടരുകയാണ്. 50 എംഎല്‍എമാര്‍ യോഗത്തിനെത്തി. അജിത് പവാര്‍ ഉള്‍പ്പെടെയുള്ള നാലു പേര്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല. എന്‍സിപി നേതാവ് ശരദ് പവാറിന് പിന്തുണ അറിയിച്ചു എന്‍സിപിയുടെ എംഎല്‍എമാര്‍ രംഗത്തുവരുന്നതു തുടരുകയാണ്. ശരദ് പവാറിന്റെ നിലപാടിനൊപ്പമാണു നില്‍ക്കുന്നതെന്ന് ശനിയാഴ്ച രാവിലെ രാജ്ഭവനില്‍ പോയ എന്‍സിപി എംഎല്‍എ ദിലീപ് റാവു ബങ്കാര്‍ പ്രതികരിച്ചിരുന്നു. എന്‍സിപിക്കു മാത്രമാണു പിന്തുണ. അജിത് പവാര്‍ കൂടെച്ചെല്ലാന്‍ പറഞ്ഞതുകൊണ്ടു മാത്രമാണു രാജ്ഭവനിലെത്തിയതെന്നും ദിലീപ് റാവു ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു വ്യക്തമാക്കിയിരുന്നു.
മറ്റൊരു എന്‍സിപി എംഎല്‍എയായ അതുല്‍ ബെങ്കെയും ശരദ് പവാറിനെ പിന്തുണയ്ക്കുന്നതായി അറിയിച്ചു. പാര്‍ട്ടിയില്‍ എല്ലാവരും ഒരുമിച്ചാണെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിലെ സ്വകാര്യ ഹോട്ടലില്‍ താമസിക്കുന്ന ശിവസേനയുടെ എംഎല്‍എമാരെ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ കണ്ടു. അതിനിടെ, കോണ്‍ഗ്രസ്, ശിവസേന, എന്‍സിപി എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിട്ടുണ്ട്.