മുഖ്യമന്ത്രി ദേവേന്ദ്ര ഫെഡ്‌നാവിസ് രാജിവച്ചു: മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം ഇപ്പോഴും തൃശങ്കുവില്‍
സര്‍ക്കാര്‍ രൂപീകരണം തീരുമാനമാവാത്ത സാഹചര്യത്തില്‍ ബിജെപി കുതിരക്കച്ചവടം തുടങ്ങിക്കഴിഞ്ഞുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
മുംബൈ: തിരഞ്ഞെടുപ്പ് കഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ടിട്ടും സര്‍ക്കാര്‍ രൂപീകരണത്തില്‍ തീരുമാനമാവാത്ത സാഹചര്യത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫെഡ്‌നാവിസ് രാജിവച്ചു. ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപി കഴിഞ്ഞ ദിവസം ഗവര്‍ണറെ കണ്ടിരുന്നെങ്കിലും സര്‍ക്കാര്‍ രൂപീകരണത്തെ കുറിച്ച് തീരുമാനമായില്ല. നാളെ നിലവിലുള്ള സര്‍ക്കാരിന്റെ കാലാവധി തീരാനിരിക്കെയാണ് രാജി.
ശിവസേനയെ അനുനയിപ്പിക്കാനുള്ള നീക്കം ഇതുവരെയും വിജയിച്ചിട്ടില്ല. അതിനിടയില്‍ ശിവസേനക്കാര്‍ തങ്ങളുടെ എംഎല്‍എമാരെ സ്വകാര്യ റിസോര്‍ട്ടിലേക്ക് മാറ്റിയിട്ടുണ്ട്.
സര്‍ക്കാര്‍ രൂപീകരണം തീരുമാനമാവാത്ത സാഹചര്യത്തില്‍ ബിജെപി കുതിരക്കച്ചവടം തുടങ്ങിക്കഴിഞ്ഞുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അതിന്റെ ഭാഗമായാണ് ശിവസേനക്കാര്‍ തങ്ങളുടെ എംഎല്‍എമാരെ ഹോട്ടലിലേക്ക് മാറ്റിയതെന്നാണ് ആരോപണം. മധ് ദ്വീപിലെ റിട്രീറ്റ് ഹോട്ടലിലാണ് ശിവസേന അവരുടെ എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്നത്. ആരോപണം ബിജെപി നിഷേധിച്ചു.
ബിജെപിയുടെ മുന്നില്‍ രണ്ട് സാധ്യതകളാണ് ഉള്ളത്. ഒന്നുകില്‍ ശിവസേന മുന്നോട്ടുവയ്ക്കുന്ന അധികാരത്തില്‍ തുല്യപങ്കാളിത്തം എന്ന നിലപാട് സ്വീകരിച്ച് സഖ്യമുണ്ടാക്കുക. അല്ലെങ്കില്‍ ശനിയാഴ്ചയ്ക്കു ശേഷം 15 ദിവസം കെയര്‍ടേക്കര്‍ സര്‍ക്കാരായി തുടരുക. അതിനിടയില്‍ സഖ്യചര്‍ച്ച നടത്താമെന്നാണ് പ്രതീക്ഷ. അതും സാധിച്ചില്ലെങ്കില്‍ രാഷ്ട്രപതിഭരണത്തിലേക്ക് പോവുക. ഏത് തീരുമാനമാണ് നടപ്പാക്കുക എന്ന് ഇനിയും വ്യക്തമായിട്ടില്ല.