കൊവിഡ് മൂന്നാം തരംഗ ഭീതിയില്‍ മഹാരാഷ്ട്ര: വൈറസ് കുട്ടികളെ ബാധിച്ചേക്കുമെന്ന് സൂചന

Update: 2021-05-03 13:47 GMT

മുംബൈ: മഹാരാഷ്ട്ര കൊവിഡിന്റെ മൂന്നാം തരംഗത്തിന് സാക്ഷ്യം വഹിച്ചേക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ജൂലൈയോടെയാണ് കൊവിഡ് മൂന്നാം തരംഗം സംസ്ഥാനത്തെ ബാധിക്കുക. മൂന്നാം തരംഗത്തില്‍ ഇരയാക്കപ്പെടുന്നത് കുട്ടികളായിരിക്കുമെന്ന സൂചന കണക്കിലെടുത്ത് കുട്ടികളുടെ വാര്‍ഡുകളില്‍ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ സംസ്ഥാന ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.

ആരോഗ്യവകുപ്പിന്റെ ചുമതലയുളള ഉദ്യോഗസ്ഥരുമായി മന്ത്രി ആദിത്യ താക്കറെ ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തി. അടുത്ത തരംഗം ആരംഭിക്കുന്നതിനുമുമ്പ് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സംസ്ഥാനത്തെ കൊവിഡ് ബാധികരുടെ കുട്ടികള്‍ ദുരിതമനുഭവിക്കുന്ന വാര്‍ത്തകള്‍ പലതും പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ കുട്ടികളെ പാര്‍പ്പിക്കാനാവശ്യമായ ഫെസിലിറ്റികള്‍ ആരംഭിക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. കൊവിഡ് ബാധിച്ച മാതാപിതാക്കളുടെ കൊവിഡ് ബാധിക്കാത്ത കുട്ടികളെയാണ് ഇവിടെ പരിചരിക്കുക.

രണ്ടാം തരംഗത്തില്‍ തന്നെ കുട്ടികളുടെ ഇടയില്‍ രോഗബാധ വര്‍ധിച്ചതായി കണക്കുകള്‍ സൂചിപ്പക്കുന്നുണ്ട്. ആദ്യ തരംഗ സമയത്ത് കുട്ടികളെ രോഗം കാര്യമായി ബാധിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ മാസങ്ങളില്‍ ഇക്കാര്യത്തില്‍ 51 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്.

ഏപ്രില്‍ മൂന്ന് വരെ പത്ത് വയസ്സിനു താഴെയുള്ള 1,34,470 കുട്ടികള്‍ക്കാണ് കൊവിഡ് ബാധിച്ചത്. കഴിഞ്ഞ വര്‍ഷം അത് 88,827 ആയിരുന്നു.

കഴിഞ്ഞ 25 ദിവസത്തിനുള്ളില്‍ 75,387 കുട്ടികളെ രോഗം ബാധിച്ചു. അതായത് 51 ശതമാനത്തിന്റെ വര്‍ധന.

കൂടുതല്‍ ഓക്‌സിജന്‍ ഉറപ്പുവരുത്തി കൊവിഡ് മൂന്നാം തരംഗത്തെ സംസ്ഥാനം നേരിടുമെന്ന് നേരത്തെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞിരുന്നു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ കൊവിഡ് സജീവ രോഗികളുടെ എണ്ണം 9-10 ലക്ഷമായേക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നിര്‍ബന്ധമായും വേണമെന്നാണ് സര്‍ക്കാരിന്റ നിലപാടെങ്കിലും ഇപ്പോള്‍ ആ നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടില്ലെന്നും ഉദ്ദവ് വ്യക്തമാക്കി.

ബോംബെ ഹൈക്കോടതിയുടെ പരാമര്‍ശത്തെത്തുടര്‍ന്നാണ് ഉദ്ദവിന്റെ വിശദീകരണം. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചുകൂടെയെന്നായിരുന്നു കോടതി ആരാഞ്ഞത്.

ശനിയാഴ്ച മുതല്‍ 18 വയസ്സിനു മുകളിലുളളവര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കിത്തുടങ്ങുമെന്ന് ഉദ്ദവ് പറഞ്ഞു.

Tags:    

Similar News