'കാളി' വിവാദം; ടിഎംസിയുടെ ട്വിറ്റര്‍ അക്കൗണ്ട് അണ്‍ഫോളോ ചെയ്ത് മഹുവ മൊയിത്ര

കാളിയെന്നാല്‍ തന്നെ സംബന്ധിച്ച് മാംസം കഴിക്കുന്ന, മദ്യം സ്വീകരിക്കുന്ന ദേവതയാണ് എന്ന മഹുവയുടെ പരാമര്‍ശത്തെ പാര്‍ട്ടി തള്ളിയിരുന്നു

Update: 2022-07-06 07:42 GMT

കൊല്‍ക്കത്ത:കാളീ ദേവിയെ കുറിച്ചുള്ള പരാമര്‍ശത്തെ പാര്‍ട്ടി നേതൃത്വം അപലപിച്ചതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് അണ്‍ഫോളോ ചെയ്ത് പാര്‍ട്ടി എംപി മഹുവ മൊയിത്ര.കാളിയെന്നാല്‍ തന്നെ സംബന്ധിച്ച് മാംസം കഴിക്കുന്ന, മദ്യം സ്വീകരിക്കുന്ന ദേവതയാണ് എന്ന മഹുവയുടെ പരാമര്‍ശത്തെ പാര്‍ട്ടി തള്ളിയിരുന്നു.ഇതിന് പിന്നാലെയാണ് പാര്‍ട്ടിയുടെ ട്വിറ്റര്‍ അക്കൗണ്ട് പിന്തുടരുന്നത് മഹുവ അവസാനിപ്പിച്ചിരിക്കുന്നത്.

ഇന്ത്യാ ടുഡേ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ അതിഥിയായി എത്തിയ മഹുവയോട് ലീനാ മണിമേഖലയുടെ കാളി പോസ്റ്ററിനെ കുറിച്ചുള്ള അഭിപ്രായം ആരാഞ്ഞപ്പോള്‍ കാളിയെന്നാല്‍ തന്നെ സംബന്ധിച്ചിടത്തോളം മാംസം കഴിക്കുന്ന, മദ്യം സ്വീകരിക്കുന്ന ദേവതയാണ് എന്ന മറുപടിയാണ് വിവാദങ്ങള്‍ക്ക് കാരണമായത്.സിക്കിമില്‍ ചെന്നാല്‍, കാളീദേവിക്ക് വിസ്‌കി നേദിക്കുന്നത് കാണാം. എന്നാല്‍ ഉത്തര്‍ പ്രദേശില്‍ചെന്ന് ദേവിക്ക് പ്രസാദമായി വിസ്‌കി നേദിക്കാറുണ്ടെന്ന് പറഞ്ഞാല്‍ അവര്‍ അതിനെ ഈശ്വരനിന്ദയെന്ന് പറയും എന്നും മഹുവ പറഞ്ഞിരുന്നു.

എന്നാല്‍ മഹുവയുടെ ഈ പരാമര്‍ശം തികച്ചും വ്യക്തിപരമാണെന്നും അതിനെ പാര്‍ട്ടി ഒരുതരത്തിലും അംഗീകരിക്കുന്നില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു.ഇത്തരം അഭിപ്രായപ്രകടനങ്ങളെ തൃണമൂല്‍ കോണ്‍ഗ്രസ് ശക്തമായി അപലപിക്കുന്നെന്നും പാര്‍ട്ടി ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു.ഇതിന് പിന്നാലെയാണ് മഹുവ ടിഎംസിയുടെ ട്വിറ്റര്‍ അക്കൗണ്ട് അണ്‍ഫോളോ ചെയ്തിരിക്കുന്നത്. നിലവില്‍ മഹുവ പിന്തുടരുന്ന ഏക ട്വിറ്റര്‍ അക്കൗണ്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ അധ്യക്ഷയുമായ മമതാ ബാനര്‍ജിയുടേത് മാത്രമാണ്.ഇതേക്കുറിച്ച് ഇതുവരെ പ്രതികരിക്കാന്‍ മഹുവ തയ്യാറായിട്ടില്ല.

തമിഴ്‌നാട്ടിലെ മധുര സ്വദേശിയായ ലീന മണിമേഖലയുടെ ഡോക്യുമെന്ററി ചിത്രത്തിലെ കാളീദേവിയുടെ പോസ്റ്ററാണ് വിവാദങ്ങള്‍ക്ക് വഴിവച്ചത്.പോസ്റ്ററില്‍ കാളീദേവിയെ പോലെ വസ്ത്രധാരണം ചെയ്ത സ്ത്രീ പുകവലിക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. പശ്ചാത്തലത്തില്‍ എല്‍ജിബിടി സമൂഹത്തിന്റെ ഫഌഗും കാണാം.ഒരു സായാഹ്നത്തില്‍ കാളി പ്രത്യക്ഷപ്പെടുകയും ടൊറന്റോയിലെ തെരുവുകളില്‍ ചുറ്റിക്കറങ്ങുകയും ചെയ്യുന്ന സംഭവങ്ങളാണു ചിത്രത്തിന്റെ ഇതിവൃത്തം.

ചിത്രത്തിനെതിരേ 'അറസ്റ്റ് ലീന മണിഖേല' എന്ന ഹാഷ് ടാഗോടെയുള്ള പ്രതിഷേധം ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി മാറിയിരിക്കുകയാണ്.വിവാദങ്ങള്‍ക്ക് പ്രതികരണവുമായി സംവിധായിക മണിമേഖല രംഗത്തെത്തിയിരുന്നു.തനിക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ലെന്നും,ഒന്നിനേയും ഭയക്കാതെ സംസാരിക്കാന്‍ ആഗ്രഹിക്കുന്നതായും മണിമേഖല പറഞ്ഞു.ഇതിനോടുള്ള പ്രതികരണമായി 'ലവ് യു ലീന മണിമേഖല' എന്ന ഹാഷ് ടാഗ് ഉപയോഗിക്കാന്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കളോട് മണിമേഖല അഭ്യര്‍ഥിച്ചു.




Tags:    

Similar News