ജഡ്ജിമാര്‍ ദൈവത്തില്‍ നിന്നും നിര്‍ദേശം സ്വീകരിച്ച് വിധിക്കരുത്: മഹുവ മൊയ്ത്ര

Update: 2024-12-14 06:09 GMT

ന്യൂഡൽഹി :ബാബരി മസ്ജിദ് കേസില്‍ വിധിയുണ്ടാക്കാന്‍ ദൈവത്തിന്റെ സഹായം തേടിയെന്ന സുപ്രിംകോടതി ചീഫ്ജസ്റ്റിസായിരുന്ന ഡി വൈ ചന്ദ്രചൂഡിന്റെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ലോക്‌സഭയില്‍. വിധികള്‍ എഴുതാന്‍ വസ്തുനിഷ്ഠമായ യുക്തി, ന്യായവാദം, നിയമം, ഭരണഘടന എന്നിവയെ ആശ്രയിക്കുന്നതിന് പകരം ജഡ്ജിമാര്‍ ദൈവവുമായി സ്വകാര്യസംഭാഷണങ്ങളില്‍ ഏര്‍പ്പെടുമെന്ന് ഭരണഘടനാ ശില്‍പികള്‍ ഒരിക്കലും സങ്കല്‍പ്പിച്ചിട്ടുണ്ടാവില്ലെന്ന് ഭരണഘടന ചര്‍ച്ചയില്‍ മഹുവ പറഞ്ഞു. 

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഗണപതി പൂജക്ക് വീട്ടിലേക്ക് ക്ഷണിച്ച ചന്ദ്രചൂഡിന്റെ നടപടിയെയും മഹുവ വിമര്‍ശിച്ചു.'' ശ്രദ്ധ പിടിച്ചുപറ്റാന്‍ നടത്തിയ പൂജ ജഡ്ജിയുടെ പേര് ചരിത്രത്തില്‍ രേഖപ്പെടുത്തില്ല. ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നവര്‍ മാത്രമാണ് ഓര്‍ക്കപ്പെടുക. എനിക്ക് ജഡ്ജിമാരോട് ചിലത് പറയാനുണ്ട്. തെറ്റുചെയ്താല്‍ ചരിത്രം നിങ്ങളോട് കരുണ കാട്ടില്ല. രാജ്യത്തെ വിരമിച്ചതും അല്ലാത്തതുമായ എല്ലാ ചീഫ് ജസ്റ്റിസുമാരോടും എനിക്കും പറയാനുണ്ട്. നിങ്ങളുടെ വ്യക്തിപരമായ പാരമ്പര്യത്തെക്കുറിച്ച് വിഷമിക്കേണ്ട കാര്യമില്ല. നിങ്ങളുടേത് ദൈവത്തില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്ന ജോലിയല്ല. കുടുംബത്തിലെ സ്വകാര്യ ചടങ്ങിനെ രാഷ്ട്രീയ നേതൃത്വവുമായി ചേര്‍ന്ന് ടിവി സര്‍ക്കസ് ആക്കരുത്. ഭരണഘടനയാണ് നിങ്ങളുടെ ഏക ദൈവം. നിങ്ങളുടെ ദേവനായി നിങ്ങളുടെ വീട്ടില്‍ ഉണ്ടായിരിക്കേണ്ട ഒരേയൊരു അതിഥി ഭരണഘടനയാണ്.''-പശ്ചിമബംഗാളിലെ കൃഷ്ണനഗറില്‍ നിന്നുള്ള എംപിയായ മഹുവ പറഞ്ഞു.

സൊറാബുദ്ദിന്‍ ശെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന സിബിഐ ജഡ്ജിയായ ബി എച്ച് ലോയയുടെ മരണത്തെ കുറിച്ചും മഹുവ സംസാരിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ ആരോപണ വിധേയനായിരുന്ന കേസാണിത്. '' അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാഗാന്ധിക്ക് എതിരെ വിധിയെഴുതിയ എച്ച് ആര്‍ ഖന്നയെ കുറിച്ച് രാവിലെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറയുകയുണ്ടായി. 1976ലെ വിധിക്ക് ശേഷം നീണ്ട 32 കൊല്ലം ജീവിച്ച ഖന്ന ആത്മകഥയും എഴുതി. എന്നാല്‍, പാവം ബി എച്ച് ലോയ ഇന്ന് ജീവിച്ചിരിപ്പില്ല.''-മഹുവ പറഞ്ഞു.

എ മുതല്‍ ഇസെഡ് വരെയുള്ള പേരുകാര്‍ക്ക് തന്റെ കാലത്ത് ജാമ്യം നല്‍കിയിരുന്നുവെന്ന് വിരമിക്കുന്നതിന് മുമ്പ് നല്‍കിയ അഭിമുഖത്തില്‍ ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞിരുന്നു. അര്‍ണബ് ഗോസ്വാമി മുതല്‍ സുബൈര്‍ വരെയുള്ളവര്‍ക്ക് ജാമ്യം നല്‍കിയ കാര്യമാണ് പറഞ്ഞത്. എന്നാല്‍, ജിയില്‍ ഗുല്‍ഫിഷ ഫാത്വിമയോ എച്ചില്‍ ഹനി ബാബുവോ ഇല്ലെന്ന് മഹുവ പറഞ്ഞു. എസ്സില്‍ ഷര്‍ജീല്‍ ഇമാമോ യുവില്‍ ഉമര്‍ ഖാലിദോ ഇല്ല.

ആയിരം മുറിവുകളിലൂടെ ബിജെപി ഭരണഘടനയെ കൊല്ലുകയാണെന്നും മഹുവ പറഞ്ഞു. വോട്ടവകാശം എടുത്തുകളയുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍, പൗരത്വം നിയമം നടപ്പാക്കല്‍, ബുള്‍ഡോസര്‍ രാജ്, ഇലക്ടറല്‍ ബോണ്ട് എന്നിവ അതിന് തെളിവാണ്. ഇലക്ഷന്‍ ചട്ടങ്ങള്‍ മോദിജി ചട്ടങ്ങള്‍ എന്നാണ് ഇപ്പോള്‍ അറിയപ്പെടുന്നതെന്നും അവര്‍ പരിഹസിച്ചു.

അതേസമയം, സുപ്രിംകോടതി തീര്‍പ്പാക്കിയ ലോയ കേസ് അനാവശ്യമായി ഉന്നയിക്കുകയാണെന്ന് ആരോപിച്ച് പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു രംഗത്തെത്തി. മഹുവയ്ക്ക് എതിരെ ഉചിതമായ നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. തന്നെ ഭീഷണിപ്പെടുത്തിയതിന് മന്ത്രിയ്‌ക്കെതിരെയാണ് നടപടിയെടുക്കുക എന്ന് മഹുവ സാമൂഹിക മാധ്യമമായ എക്‌സില്‍ പ്രതികരിച്ചു. 

അതേസമയം, താന്‍ കോടതിയില്‍ വിധിയില്‍ എഴുതുന്ന കാര്യങ്ങള്‍ക്ക് മാത്രമേ പ്രസക്തിയുള്ളൂയെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. അഭിഭാഷകരുടെ നിലപാട് അറിയാനായി പലപ്പോഴും ചോദ്യങ്ങള്‍ ഉന്നയിക്കുമെന്നും ഗ്യാന്‍വാപി മസ്ജിദ് കേസിലെ സര്‍വേയുമായി ബന്ധപ്പെട്ട് വിധിയിലെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി അദ്ദേഹം പറഞ്ഞു. '' വാദം കേള്‍ക്കലിനിടെ കോടതി ചോദിക്കുന്ന കാര്യങ്ങള്‍, പറയുന്ന കാര്യങ്ങള്‍ വിധിയില്‍ രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ അവയെ ഒരു പ്രത്യേക സമയത്തെ പരാമര്‍ശങ്ങളായി മാത്രം കണ്ടാല്‍ മതി. ആ വാക്കുകളെ ഭാവിയിലെ മറ്റു കേസുകളില്‍ ഉപയോഗിക്കാന്‍ കഴിയില്ല.'' ചന്ദ്രചൂഡ് പറഞ്ഞു. 

ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി കേസില്‍ സര്‍വേ നടത്തണമെന്ന ജില്ലാ കോടതി വിധി അലഹബാദ് ഹൈക്കോടതി ശരിവച്ചതിനെതിരായ അപ്പീല്‍ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ചാണ് 2022 മേയില്‍ പരിഗണിച്ചിരുന്നത്. ഒരു ആരാധനാലയത്തിന് രൂപാന്തരം വരുത്താന്‍ ഉദ്ദേശ്യമില്ലാത്ത പക്ഷം അതിന്റെ സ്വഭാവം പരിശോധിക്കുന്നതിന് 1991ലെ ആരാധനാലയ സംരക്ഷണ നിയമം തടസ്സമല്ലെന്നാണ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞത്. ഇതിന് ശേഷമാണ് രാജ്യത്ത് പത്ത് മസ്ജിദുകള്‍ക്കെതിരേ ഹിന്ദുത്വര്‍ അന്യായങ്ങളുമായും സര്‍വേ ആവശ്യങ്ങളുമായി രംഗത്തെത്തിയത്.

Similar News