കൊവിഡ് വാക്‌സിന്‍ സൗജന്യമാക്കുക; പ്രധാനമന്ത്രിക്ക് 12 പ്രതിപക്ഷനേതാക്കളുടെ കത്ത്
ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയെ തടഞ്ഞുനിര്‍ത്തുന്നതിനായി ഉപയോഗിക്കുന്ന കൊവിഡ് വാക്‌സിന്‍ രാജ്യത്തെ പൗരന്മാര്‍ക്ക് സൗജന്യമായി നല്‍കണമെന്നാവശ്യപ്പെട്ട് 12 പ്രതിപക്ഷ നേതാക്കള്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി. കേന്ദ്ര വിസ്ത പദ്ധതിക്ക് ഉപയോഗിക്കുന്ന പണം ഇതിനുവേണ്ടി വിനിയോഗിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. പ്രധാനപ്പെട്ട പ്രതിപക്ഷ നേതാക്കള്‍ക്കൊപ്പം ഏാതനും സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മുന്‍ മുഖ്യമന്ത്രിമാരും മുന്‍ പ്രധാനമന്ത്രിയും ഒപ്പുവച്ചവരില്‍ ഉള്‍പ്പെടുന്നു.
സൗജന്യ വാക്‌സിനു പുറമെ ആവശ്യക്കാര്‍ക്ക് സൗജന്യ റേഷന്‍, തൊഴില്‍രഹിതര്‍ക്ക് 6,000 രൂപ പ്രതിമാസ അലവന്‍സ് എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കേന്ദ്ര കാര്‍ഷിക നിയമഭേദഗതി പിന്‍വലിക്കണമെന്നാണ് മറ്റൊരു ആവശ്യം. അത് രാജ്യത്തിന്റെ അന്നദാതാക്കളെ സഹായിക്കുമെന്നും കത്തില്‍ പറയുന്നു.
കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി, മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ സെക്കുലര്‍ നേതാവുമായ എച്ച് ഡി ദേവഗൗഡ, എന്‍സിപി മേധാവി ശരത് പവാര്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഡിഎംകെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്‍, ഹേമന്ത് സോറന്‍, മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല, അഖിലേഷ് യാദവ്, തേജസ്വി യാദവ്, ഡി രാജ, സീതാറാം യെച്ചൂരി തുടങ്ങിയവരാണ് കത്തില്‍ ഒപ്പുവച്ചിട്ടുള്ളത്.