മാളക്കടവ് പൈതൃക സംരക്ഷണം; മാസ്റ്റര്‍ പ്ലാന്‍ ഉടന്‍ തയ്യാറാക്കുമെന്ന് വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ
മാള: മാളക്കടവ് പൈതൃക സംരക്ഷണത്തിന്റെ ഭാഗമായുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മാസ്റ്റര്‍ പ്ലാന്‍ ഉടന്‍ തയ്യാറാക്കുമെന്ന് വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ പറഞ്ഞു. മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനായി ഭൂമിയുടെ ഡിജിറ്റല്‍ സര്‍വേ തുടങ്ങി. സര്‍വേ പൂര്‍ത്തിയായതിന് ശേഷം മാള കടവില്‍ പൂര്‍ത്തികരിക്കേണ്ടതായ പദ്ധതികളുടെ മാസ്റ്റര്‍ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി ഈ വര്‍ഷം തന്നെ സര്‍ക്കാരില്‍ നിന്ന് ഭരണാനുമതി നേടാന്‍ ശ്രമിക്കുമെന്ന് എംഎല്‍എ പറഞ്ഞു.
മുസിരിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്.
ഇതിനായി മാളക്കടവിനോട് ചേര്‍ന്ന് മാള ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കര്‍ സ്ഥലം പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി
മുസരീസ് പൈതൃക പദ്ധതിയിലേക്ക് മാള ഗ്രാമപഞ്ചായത്ത് കൈമാറിയിരുന്നു.
മാളക്കടവ് പൈതൃക സംരക്ഷണ പദ്ധതി പൂര്‍ത്തിയാകുന്നതോടെ മാളക്കടവില്‍ ബോട്ട് ജെട്ടി നിര്‍മാണം, കടവ് സൗന്ദര്യവത്ക്കരണം, തുറന്ന സ്‌റ്റേജ്, വിസിറ്റേഴ്‌സ് സെന്റര്‍, മാള കോട്ടപ്പുറം ജലപാത പുനരുജ്ജീവനം എന്നിവയും കടവിനോട് ചേര്‍ന്നു തന്നെ തോമസ് മാസ്റ്ററുടെ സ്മാരകമായി തിരുക്കൊച്ചിയുടെ രാഷ്ട്രീയ ചരിത്രം രേഖപ്പെടുത്തുന്ന രാഷ്ട്രീയ ചരിത്ര മ്യൂസിയവും സ്ഥാപിക്കുകയുമാണ് ലക്ഷ്യമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.