മലയാളി ബാസ്‌കറ്റ് ബോള്‍ താരം ലിതാരയുടെ മരണം;ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
ജെഎല്‍ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂര്‍ നല്‍കിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി
കോഴിക്കോട്: റെയില്‍വേയുടെ മലയാളി ബാസ്‌കറ്റ് ബോള്‍ താരം കെ സി ലിതാരയുടെ ആത്മഹത്യയില്‍ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. ജെഎല്‍ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂര്‍ നല്‍കിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.കേസ് കമ്മീഷന്‍ ഈ ആഴ്ച പരിഗണിക്കും.
ലിതാരയുടെ മരണത്തെക്കുറിച്ച് സീനിയര്‍ ഐപിഎസ് ഓഫീസറുടെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്നും കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് മെയ് ആറിനാണ് സലീം മടവൂര്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്.ലിതാരയെ റെയില്‍വേ കോച്ച് രവി സിങ് നിരന്തരമായി മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായും പരാതിയില്‍ ആരോപിക്കുന്നുണ്ട്. 15 ലക്ഷത്തോളം രൂപയുടെ കടബാധ്യതയുള്ള ലിതാരയുടെ കുടുംബത്തിന് റെയില്‍വേ ഉചിതമായ നഷ്ടപരിഹാരവും നല്‍കണമെന്നും പരാതിയില്‍ പറയുന്നുണ്ട്.ലിതാര ആത്മഹത്യ ചെയ്തില്ലായിരുന്നെങ്കില്‍ ബാസ്‌കറ്റ് ബോള്‍ മത്സരങ്ങളില്‍ മികവ് തെളിയിക്കുമായിരുന്നെന്നും പരാതിയിലുണ്ട്.
ഏപ്രില്‍ 26നാണ് ലിതാരെയെ പട്‌നയിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം ലിതാരയ്ക്കുണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.കോച്ച് നിരന്തരം ശല്യം ചെയ്യുന്നതായി ലിതാര നേരത്തെ പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.കുടുംബാംഗങ്ങള്‍ എത്തും മുന്‍പേ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിലും ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.