ഡല്‍ഹിയില്‍ മലയാളി പോലിസ് ഉദ്യോഗസ്ഥന്‍ മരിച്ചു; ഉഷ്ണതരംഗത്തെ തുടര്‍ന്നെന്ന് സംശയം; ഉത്തരേന്ത്യയില്‍ ചൂട് അതികഠിനം

Update: 2024-05-29 09:07 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മലയാളി പോലിസ് ഉദ്യോഗസ്ഥന്‍ മരിച്ചു. വടകര സ്വദേശി ബിനീഷ് ആണ് മരിച്ചത്. ഡല്‍ഹിയില്‍ കടുത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ ഇദ്ദേഹത്തിന്റെ മരണം ഉഷ്ണതരംഗം മൂലമാണോ എന്ന സംശയം ഉയരുന്നുണ്ട്. കടുത്ത ചൂടില്‍ രണ്ട് ദിവസം ബിനീഷ് പരിശീലനത്തില്‍ പങ്കെടുത്തിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. പരിശീലനത്തിന് ശേഷം അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഉഷ്ണതരംഗത്തെ തുടര്‍ന്നാണോ പോലിസ് ഉദ്യോഗസ്ഥന്‍ മരിച്ചത് എന്ന കാര്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് വന്നതിന് ശേഷം മാത്രമേ മനസ്സിലാക്കാന്‍ സാധിക്കൂ എന്നാണ് ഡല്‍ഹി പോലിസിന്റെ ഔദ്യോഗിക വിവരം.

ഇന്ന് പഞ്ചാബ്, ഹരിയാന, ഡല്‍ഹി, പടിഞ്ഞാറന്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് എന്നിവടങ്ങളില്‍ ഉഷ്ണതരംഗം അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇവിടങ്ങളില്‍ റെഡ് അലെര്‍ട്ട് തുടരും. ഇന്നലെ രാജസ്ഥാനിലെ ചുരുവില്‍ ചൂട് 50 ഡിഗ്രിക്കും മുകളിലായി. ഡല്‍ഹിയിലെ മുന്‍ഗേഷ്പൂരില്‍ ചൂട് 49.9 ഡിഗ്രി വരെയായി അനുഭവപ്പെട്ടിരുന്നു.

Tags:    

Similar News