മാള: ലോക്ക് ഡൗണ്‍ ലംഘിച്ച് ഏപ്രില്‍ 16 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന വടമ സ്വദേശി കോട്ടമുറിയിലുള്ള ഭാര്യവീട്ടില്‍ ഒളിച്ച് കഴിഞ്ഞതായി പരാതി. ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് അന്വേഷണം നടത്തി റിപോര്‍ട്ട് പൊലീസിന് സമര്‍പ്പിച്ചു. ബാംഗ്ലൂരില്‍ നിന്ന് വന്ന വടമ സ്വദേശി ബാബു വിവരം അധികൃതരെ അറിയിക്കാതെ ഒളിച്ച് കഴിഞ്ഞു എന്ന റിപോര്‍ട്ടാണ് പൊലീസ് സ്റ്റേഷനില്‍ സമര്‍പ്പിച്ചത്. റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാള പൊലീസ് കേസെടുത്തു.
ഇയാള്‍ പുറത്തിറങ്ങി നടന്നതായും പരാതിയുണ്ട്. ബാംഗ്ലൂരില്‍ നിന്നും പച്ചക്കറി വണ്ടിയില്‍ കയറിയാണ് ഇയാള്‍ മാളയില്‍ എത്തിയതെന്നാണ് വിവരം.
ഇയാള്‍ കൊമ്പത്തു കടവിലെ ഇയാളുടെ കുക്കര്‍ ഫാക്ടറിയില്‍ ഇന്നലെ ചെന്നിരുന്നു. കോളനിയിലാണ് ഫാക്ടറി എന്നാണ് അറിവ്. വാര്‍ത്ത പരന്നതോടെ പുത്തന്ചിറയിലെയും മാളയിലെയും ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. കുക്കര്‍ ഫാക്ടറിയില്‍ കഴിഞ്ഞ ആഴ്ച ഒരാള്‍ മരിച്ചിരുന്നു. മരണ കാരണം ടി ബി ആണെന്നാണ് പൊലീസ് പറയുന്നത്. കൊവിഡ് പരിശോധനയും നടത്തിയെന്ന് പോലീസ് പറയുന്നു.