ഭാര്യയെയും ഭാര്യാസഹോദരനെയും യുവാവ് സ്‌ക്രൂഡ്രൈവർ കൊണ്ട് കുത്തിക്കൊന്നു

Update: 2024-04-18 07:05 GMT

ന്യൂഡല്‍ഹി: ഭാര്യയെയും ഭാര്യാസഹോദരനെയും യുവാവ് സ്‌ക്രൂെ്രെഡവര്‍ കൊണ്ട് കുത്തിക്കൊന്നു. കിഴക്കന്‍ ഡല്‍ഹിയിലെ ഷക്കര്‍പുരില്‍ താമസിക്കുന്ന മഥുര സ്വദേശി കമലേഷ് ഹോല്‍ക്കര്‍(30), സഹോദരന്‍ രാം പ്രതാപ് സിങ്(17) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കമലേഷിന്റെ ഭര്‍ത്താവ് ശ്രേയാന്‍ഷ് കുമാറി(33)നെ പോലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച രാവിലെയാണ് അധ്യാപികയായ യുവതിയെയും 17കാരനായ സഹോദരനെയും ഷക്കര്‍പുരിലെ വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. രാവിലെ പത്തുമണിയോടെ വീട്ടില്‍നിന്ന് കരച്ചിലും ബഹളവും കേട്ടതോടെ അയല്‍ക്കാരാണ് പോലിസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് പോലിസ് സ്ഥലത്തെത്തിയപ്പോഴാണ് രണ്ടുപേരെയും കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. അതേസമയം, കമലേഷിന്റെ ഭര്‍ത്താവ് ശ്രേയാന്‍ഷ്‌കുമാറിനെ വീട്ടില്‍നിന്ന് കാണാതായിരുന്നു. പിന്നീട് ഇയാളെ പോലിസ് കസ്റ്റഡിയിലെടുക്കുകയും ഇയാള്‍ കുറ്റംസമ്മതിക്കുകയുമായിരുന്നു.

ദാമ്പത്യപ്രശ്‌നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. പ്രതി ശ്രേയാന്‍ഷ്‌കുമാറും ഭാര്യ കമലേഷും 2021ലാണ് വിവാഹിതരായത്. ദമ്പതിമാര്‍ക്ക് ഒരു കുഞ്ഞുണ്ട്. ഏപ്രില്‍ 14ന് കുഞ്ഞിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനായാണ് കമലേഷിന്റെ സഹോദരന്‍ മഥുരയില്‍നിന്ന് ഡല്‍ഹിയിലെത്തിയതെന്നും പോലിസ് പറഞ്ഞു.

കൊല്ലപ്പെട്ട കമലേഷ് സാഹിബാബാദിലെ സ്‌കൂളില്‍ അധ്യാപികയാണ്. വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ട്യൂഷനെടുക്കുന്നതായിരുന്നു എംസിഎ ബിരുദധാരിയായ ശ്രേയാന്‍ഷിന്റെ ജോലി. ഇയാളുടെ പിതാവ് പ്രമുഖ അന്താരാഷ്ട്ര വിമാനക്കമ്പനിയില്‍നിന്ന് വിരമിച്ചയാളാണ്.

വിവാഹശേഷം ശ്രേയാന്‍ഷും ഭാര്യ കമലേഷും ഷക്കര്‍പുരിലെ വീട്ടിലാണ് താമസിച്ചുവന്നിരുന്നത്. അതേസമയം, വിവാഹത്തിന് പിന്നാലെ ശ്രേയാന്‍ഷ് കമലേഷിനെ നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് യുവതിയുടെ ബന്ധുക്കളുടെ ആരോപണം. തുടര്‍ച്ചയായ ഗാര്‍ഹികപീഡനവും ഉപദ്രവവുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും ബന്ധുക്കള്‍ ആരോപിച്ചു.

'ഇതൊരു ആസൂത്രിതമായ കൊലപാതകമാണ്. അവസാനം കമലേഷിനെ കണ്ടപ്പോഴും ഭര്‍ത്താവിനെതിരേ ഗാര്‍ഹിക പീഡനപരാതി നല്‍കാന്‍ ഞാന്‍ പറഞ്ഞിരുന്നു. അവള്‍ നല്ല വിദ്യാഭ്യാസമുള്ളവളും ഒരു അധ്യാപികയുമാണ്. കൃത്യസമയത്ത് അവള്‍ പരാതി നല്‍കിയിരുന്നെങ്കില്‍ ഇന്നേദിവസം ഞങ്ങള്‍ക്കിത് കാണേണ്ടിവരുമായിരുന്നില്ല', യുവതിയുടെ ബന്ധുവായ രവീന്ദ്രസിങ് പ്രതികരിച്ചു.

Tags:    

Similar News