ചീട്ടുകളി സംഘത്തെ രക്ഷപ്പെടാന്‍ സഹായിച്ച സിഐയ്ക്ക് സസ്‌പെന്‍ഷന്‍
സിഐയും ചീട്ടുകളി സംഘത്തലവനും തമ്മില്‍ നടത്തിയ ഫോണ്‍സംഭാഷണം പുറത്തായതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം റേഞ്ച് ഐജിയാണ് സിഐക്കെതിരേ നടപടി സ്വീകരിച്ചത്.
കോട്ടയം: ചീട്ടുകളി സംഘത്തെ രക്ഷപ്പെടാന്‍ സഹായിച്ച കോട്ടയം മണര്‍കാട് സിഐയെ സസ്‌പെന്റ് ചെയ്തു. സിഐയും ചീട്ടുകളി സംഘത്തലവനും തമ്മില്‍ നടത്തിയ ഫോണ്‍സംഭാഷണം പുറത്തായതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം റേഞ്ച് ഐജിയാണ് സിഐക്കെതിരേ നടപടി സ്വീകരിച്ചത്.
മണര്‍കാട് ചീട്ടുകളി കേന്ദ്രത്തില്‍ നടന്ന റെയ്ഡില്‍ 18 ലക്ഷം രൂപ പോലിസ് പിടിച്ചെടുക്കുകയും 43 പേര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. മണര്‍കാട് പോലിസ് സ്‌റ്റേഷനില്‍ നിന്ന് അരകിലോമീറ്റര്‍ മാറിയുള്ള കേന്ദ്രത്തിലാണ് വന്‍തുക വച്ചുള്ള ചീട്ടുകളി നടന്നത്. വിവരമുണ്ടായിരുന്നിട്ടും മണര്‍കാട് പോലിസ് ചീട്ട് കളിക്കാരെ പിടികൂടാന്‍ തയ്യാറായിരുന്നില്ല. ഇതിനെതുടര്‍ന്ന് രഹസ്യാന്വേഷണ വിവരത്തെതുടര്‍ന്ന് ജില്ലാ പോലിസ് മേധാവി നിയോഗിച്ച പ്രത്യേക സംഘം മണര്‍കാട് പോലിസിനെ അറിയിക്കാതെ റെയ്ഡ് നടത്തുകയായിരുന്നു.
മഹസ്സര്‍ തയ്യാറാക്കാന്‍ വിളിച്ചപ്പോള്‍ മാത്രമാണ് മണര്‍കാട് സിഐയും സംഘവും റെയ്ഡ് വിവരം അറിഞ്ഞത്. ആദ്യം ചീട്ട് കളി സംഘത്തലവനെതിരേ കേസെടുക്കാന്‍ തയ്യാറായില്ല. വിവാദമായതോടെ കേസെടുത്തു. ഒളിവില്‍ പോയ മുഖ്യപ്രതിയുമായി നടത്തിയ സംഭാഷണവും പുറത്ത് വന്നതോടെ സിഐ രതീഷ്‌കുമാര്‍ വെട്ടിലായി. പോലിസ് പിടികൂടാതിരിക്കാന്‍ ഒളിവില്‍ പോവണമെന്നും മുന്‍കൂര്‍ ജാമ്യം എടുക്കണമെന്നും സിഐ പ്രതിയോട് പറയുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തായത്.