യുഡിഎഫില്‍ ഐക്യമില്ലെന്ന് തുറന്നടിച്ച് മാണി സി കാപ്പന്‍; വെട്ടിലായത് വിഡി സതീശന്‍

Update: 2022-03-31 14:29 GMT

തിരുവനന്തപുരം: മുന്നണി സംഘടിപ്പിക്കുന്ന പരിപാടികളിലൊന്നും എന്‍സിപിയെ ക്ഷണിക്കാറില്ലെന്ന മാണി സി കാപ്പന്റെ തുറന്നടിക്കല്‍ യുഡിഎഫ് നേതൃത്വത്തെ വെട്ടിലാക്കി. രമേശ് ചെന്നിത്തലയുമായി ഏറെ അടുപ്പമുണ്ടായിരുന്ന മാണി സി കാപ്പന് വിഡി സതീശനോട് അഭിപ്രായവ്യത്യാസമുണ്ടെന്ന് തെൡയിക്കുന്നതായിരുന്നു ഈ പ്രസ്താവന. യുഡിഎഫിലെ ചില നേതാക്കളല്ല, ഒരു നേതാവാണ് പ്രശ്‌നമെന്ന് കാപ്പന്‍ കൃത്യമായി സൂചിപ്പിക്കുകയും ചെയ്തു. യുഡിഎഫ് ചെയര്‍മാനായ വിഡി സതീശനുമായുള്ള സ്വരച്ഛേര്‍ച്ച ഇല്ലായ്മയാണ് എന്‍സിപിയും ആര്‍എസ്പിയും ഉള്‍പ്പെടെയുള്ള ഘടകകക്ഷികളെ പരസ്യപ്രതികരണത്തിന് പ്രേരിപ്പിക്കുന്നത്.

'യുഡിഎഫ് പരിപാടികളൊന്നും അറിയിക്കുന്നില്ല. മുന്നണിയില്‍ സംഘാടനം ഇല്ലാത്തതിനാല്‍ ആര്‍ക്കും ആരേയും എന്തും പറയാവുന്ന അവസ്ഥയാണ്. എന്നാല്‍ ഇടതു മുന്നണിയില്‍ ഇത്തരം പ്രതിസന്ധിയില്ല. ഇങ്ങനെയൊക്കെ ആണേലും മുന്നണി മാറ്റം ഉദിക്കുന്നില്ല. രമേശ് ചെന്നിത്തല സര്‍ക്കാരിനെതിരെ ആരോപണമുന്നയിക്കുമ്പോള്‍ അത് ഉന്നയിക്കേണ്ടത് താനെന്ന് വിഡി സതീശന്‍ പറയുന്നു. ഇതെല്ലാം സംഘാടനം ഇല്ലാത്തതിന്റെ പ്രശ്‌നമാണ്. യുഡിഎഫിലെ പല ഘടകകക്ഷികളും സംതൃപ്തരല്ല. എന്നാല്‍ എല്‍ഡിഎഫില്‍ ഈ പ്രശ്‌നമില്ല. എന്തൊക്കെ സംഭവിച്ചാലും എല്‍ഡിഎഫിലേക്ക് തിരികെ പോകുന്ന പ്രശ്‌നം ഉദിക്കുന്നില്ല. യുഡിഎഫ് തിരുത്തി മുന്നോട്ട് പോകണമെന്നാണ് ആഗ്രഹം'-കാപ്പന്‍ വ്യക്തമാക്കി.

അതേസമയം, കാപ്പന്‍ എല്‍ഡിഎഫില്‍ നിന്ന് വന്നത് കൊണ്ടാവാം ഇങ്ങനെ തോന്നുന്നതെന്നും അദ്ദേഹത്തിന്റെ പരസ്യപ്രതികരണം അനൗചിത്യമാണെന്നും സതീശന്‍ മറുപടി നല്‍കി. പരാതിയുണ്ടെങ്കില്‍ യുഡിഎഫ് ചെയര്‍മാനായ തന്നോടാണ് പറയേണ്ടതെന്നും സതീശന്‍ പ്രതികരിച്ചു. ഇരു പ്രതികരണങ്ങളിലും അഭിപ്രായവ്യത്യാസത്തിന്റെ ആഴം വ്യക്തമാണ്.

സമീപകാലത്ത് നടന്ന മുന്നണി പാരിപാടികളിലൊന്നും വിളിച്ചിട്ടില്ലെന്നാണ് കാപ്പന്റെ പരാതി. വയനാട്ടിലെ മരംമുറി പ്രദേശങ്ങള്‍ സന്ദര്‍ശിച്ച യുഡിഎഫ് സംഘത്തില്‍ കാപ്പനെ ഉള്‍പ്പെടുത്തിയിയില്ല. കഴിഞ്ഞ ദിവസം കാപ്പന്റെ തന്നെ സ്വന്തം ജില്ലയായ കോട്ടയത്ത് നടന്ന കെ റെയില്‍ പ്രതിഷേധപരിപാടിയില്‍ യുഡിഎഫ് നേതൃത്വം കാപ്പനെ അറിയിച്ചില്ല. ഇതാണ് കാപ്പനെ പെട്ടന്ന് പ്രകോപിപ്പിച്ചത്.

നേരത്തെ ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എഎ അസീസ്, ജെബി മേത്തറെ രാജ്യസഭ സ്ഥാനാര്‍ഥി ആക്കിയതിനെതിരേ വിമര്‍ശനമുന്നയിച്ചിരുന്നു. ജെബി മേത്തര്‍ പണം വാങ്ങി രാജ്യസഭാ സീറ്റ് വാങ്ങി എന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. പരോക്ഷമായി കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിക്കുകയായിരുന്നു അസീസ്. ആര്‍എസ്പിയുടെ മറ്റൊരു നേതാവായ ഷിബു ബേബി ജോണും പല ഘട്ടത്തില്‍ മുന്നണിയുടെ അനൈക്യത്തെ സംബന്ധിച്ച് കടുത്ത വിമര്‍ശനങ്ങളുയര്‍ത്തിയിരുന്നു. 

Tags:    

Similar News