മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് ശരിവച്ചു
ആരോപണത്തിന് വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ ഹരജിക്കാരന് കഴിഞ്ഞില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
കൊച്ചി: പാലാ എംഎല്‍എയായി മാണി സി കാപ്പനെ തിരഞ്ഞെടുത്തത് ചോദ്യം ചെയ്ത് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ച സി വി ജോണ്‍ എന്നയാള്‍ നല്‍കിയ ഹരജിയാണ് ജസ്റ്റിസ് സി ജയചന്ദ്രന്‍ തള്ളിയത്. ജനപ്രാതിനിധ്യ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ പണം മാണി സി കാപ്പന്‍ ചെലവഴിച്ചുവെന്നാണ് സി വി ജോണ്‍ വാദിച്ചത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി റിട്ടേണിങ് ഓഫീസര്‍ക്കും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് ഹരജിക്കാരന്‍ ആരോപിച്ചു. എന്നാല്‍, ആരോപണത്തിന് വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ ഹരജിക്കാരന് കഴിഞ്ഞില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.