മണിപ്പൂരില്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍സിങ് 17,000 വോട്ടുകള്‍ക്ക് വിജയിച്ചു
മണിപ്പൂര്‍:നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍,നിലവിലെ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് ഹീന്‍ഗാംഗ് മണ്ഡലത്തില്‍ നിന്ന് 17,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കോണ്‍ഗ്രസിന്റെ പി.ശരത്ചന്ദ്ര സിങിനെ പരാജയപ്പെടുത്തിയാണ് ബിരേന്‍ സിങ് വിജയിച്ചിരിക്കുന്നത്.
നേരത്തെ മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് ഇംഫാലിലെ ശ്രീ ഗോവിന്ദജീ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തിയിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷം സമാധാനത്തോടെയും വികസനത്തോടെയും നിലനിന്നു. വരാനിരിക്കുന്ന അഞ്ച് വര്‍ഷവും അതുപോലെ തുടരുമെന്നും, പൂര്‍ണ ഭൂരിപക്ഷത്തോടെ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും, ദൈവത്തോട് പ്രാര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം തൗബാല്‍ ജില്ലയില്‍ മുന്‍ മുഖ്യമന്ത്രി ഇബോബി സിംഗ് 1225 വോട്ടിന് മുന്നിട്ട് നില്‍ക്കുന്നു.ഹീറോക്ക് നിയമസഭാ മണ്ഡലത്തിലും ബിജെപി ലീഡ് ചെയ്യുന്നു. മണിപ്പൂര്‍ തെരഞ്ഞെടുപ്പില്‍ 2022ല്‍ ബിജെപി 28 സീറ്റുകളിലും കോണ്‍ഗ്രസ് 9, ജെഡിയു 3, ആര്‍പിഐ(എ) 1, എന്‍പിഎഫ് 6, എന്‍പിപി 10, മറ്റുള്ളവര്‍ 1 എന്നിങ്ങനെയാണ് ലീഡ് ചെയ്യുന്നത്.