കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമയത്ത് ബൂത്തുകള്‍ പിടിച്ചെടുത്തു;മണിപ്പൂരില്‍ 23 ബൂത്തുകളില്‍ റീ പോളിങ് ആവശ്യപ്പെട്ട് ബിജെപി
കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമയത്ത് ബൂത്തുകള്‍ പിടിച്ചെടുക്കുകയും കള്ളവോട്ട് ചെയ്യുകയും ചെയ്തുവെന്ന് ബിജെപി ആരോപിച്ചു
മണിപ്പൂര്‍:സംസ്ഥാനത്ത് റീ പോളിങ് ആവശ്യപ്പെട്ട് ബിജെപി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ 23 ബൂത്തുകളില്‍ കൃത്രിമം നടന്നതായാണ് ബിജെപിയുടെ ആരോപണം.സംസ്ഥാനത്തെ പ്രതിപക്ഷമായ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമയത്ത് ബൂത്തുകള്‍ പിടിച്ചെടുക്കുകയും കള്ളവോട്ട് ചെയ്യുകയും ചെയ്തുവെന്ന് ബിജെപി ആരോപിച്ചു. പാര്‍ട്ടി മണിപ്പൂരിലെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് കത്തെഴുതുകയും 23 ബൂത്തുകളും വീണ്ടും തിരഞ്ഞെടുപ്പിന് വിധേയമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും,പാര്‍ട്ടി അംഗങ്ങളും വോട്ടിങ് ബൂത്തില്‍ ബലമായി കയറി തനിക്ക് വോട്ട് ചെയ്യാന്‍ വോട്ടര്‍മാരെ നിര്‍ബന്ധിച്ചതായി ബിജെപി ആരോപിച്ചു. ഇവിഎമ്മുകള്‍ നശിപ്പിക്കാന്‍ തുടങ്ങുകയും പോളിങ് ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. സുരക്ഷയ്ക്കായി ഗാര്‍ഡുകള്‍ വെടിവയ്ക്കാന്‍ നിര്‍ബന്ധിതരായി.
വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ ഫെബ്രുവരി 23 ന് ആദ്യഘട്ട വോട്ടെടുപ്പ് നടന്നിരുന്നു. തിരഞ്ഞെടുപ്പ് വേളയില്‍ നിരവധി അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സൈകുല്‍, സൈതു അസംബ്ലി മണ്ഡലങ്ങളിലെ പോളിങ് സ്‌റ്റേഷനുകളില്‍ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകള്‍ നശിപ്പിച്ചു, ബൂത്ത് പിടിച്ചെടുക്കല്‍, കള്ളവോട്ട് എന്നിവയും അരങ്ങേറി.