മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പ് പുനക്രമീകരിച്ചു; ആദ്യഘട്ടം ഫെബ്രുവരി 28ന്
ന്യൂഡല്‍ഹി: രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തിയ്യതിയില്‍ മാറ്റം. ഒന്നാം ഘട്ടം ഫെബ്രുവരി 28നും രണ്ടാം ഘട്ടം മാര്‍ച്ച് അഞ്ചിനും നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നേരത്തെ ഒന്നാം ഘട്ടം ഫെബ്രുവരി 27 നും രണ്ടാംഘട്ടം മാര്‍ച്ച് മൂന്നിനും നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ക്രിസ്ത്യന്‍ സമൂഹത്തിന്റെ പ്രാര്‍ഥനാ ദിവസം പരിഗണിച്ച് തിയ്യതി മാറ്റണമെന്നാവശ്യപ്പെട്ട് പരമോന്നത ക്രിസ്ത്യന്‍ സമിതിയായ എഎംസിഒ പ്രതിനിധികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് ആദ്യഘട്ട തിയ്യതി പുനക്രമീകരിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് അവലോകനം ചെയ്യുന്നതിനായി രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങള്‍ ഇംഫാലിലെത്തിയിരുന്നു. ഇതിനിടെയാണ് ആദ്യഘട്ട വോട്ടെടുപ്പ് മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി സമിതി കമ്മീഷനെ സമീപിച്ചത്. നേരത്തെ തിരഞ്ഞെടുപ്പ് തിയ്യതി മാറ്റണമെന്നാവശ്യപ്പെട്ട് ഓള്‍ മണിപ്പൂര്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മണിപ്പൂരിലെ മൂന്ന് ദശലക്ഷം ജനസംഖ്യയുടെ 41 ശതമാനവും ക്രിസ്ത്യാനികളാണ്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഒരു സംഘം മണിപ്പൂരില്‍ പോയി തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ അവലോകനം ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍ നടക്കുക.