യുപിയിലെ ഷാഹി ജുമാ മസ്ജിദില്‍ വീണ്ടും സര്‍വെ; പ്രദേശത്ത് പ്രതിഷേധം, പോലിസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു (വീഡിയോ)

Update: 2024-11-24 05:58 GMT

ലഖ്‌നൗ: പടിഞ്ഞാറന്‍ യുപിയിലെ സംഭാലിലെ ഷാഹി ജുമാ മസ്ജിദില്‍ സര്‍വേക്കിടെ സംഘര്‍ഷം. രാവിലെ ആറു മണിക്ക് ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദ്ര പാന്‍സിയയുടെ നേതൃത്വത്തില്‍ എസ്പി കൃഷ്ണ ബിഷ്‌ണോയും സംഘവുമാണ് സര്‍വേക്കെത്തിയത്. സര്‍വേ തുടങ്ങി രണ്ടു മണിക്കൂര്‍ ആയതോടെ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു. ജനക്കൂട്ടത്തെ പോലിസ് തടയാന്‍ നോക്കിയതോടെ കല്ലേറുണ്ടായി. ഇതോടെ പോലിസ് പ്രദേശവാസികളെ ലാത്തിചാര്‍ജ് ചെയ്തു. ആളുകളെ പിരിച്ചുവിടാന്‍ ടിയര്‍ ഗ്യാസും പ്രയോഗിച്ചു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.

പ്രതിഷേധക്കാര്‍ ചില വാഹനങ്ങള്‍ക്ക് തീയിട്ടതായും റിപോര്‍ട്ടുകളുണ്ട്. എന്നാലും സര്‍വേ പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥരെ സുരക്ഷിത പ്രദേശങ്ങള്‍ക്ക് മാറ്റിയതായി പോലിസ് അറിയിച്ചു. പോലിസിന് നേരെ കല്ലും ചെരുപ്പും അറിഞ്ഞവരെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് എസ്പി അറിയിച്ചു.

16ാം നൂറ്റാണ്ടില്‍ പണി കഴിപ്പിക്കപ്പെട്ട പള്ളിയാണ് ഷാഹി ജുമാ മസ്ജിദ്. നൂറ്റാണ്ടുകളായി മുസ്‌ലിംകള്‍ നമസ്‌കാരം നിര്‍വഹിക്കുന്ന പള്ളി. രാജ്യത്തെ പല മുസ്‌ലിം ആരാധനാലയങ്ങളുടെയും കാര്യത്തിലെന്ന പോലെ മുസ്‌ലിം ഭരണാധികാരികള്‍ ക്ഷേത്രം തകര്‍ത്താണ് പള്ളി പണിതതെന്ന വാദം ഷാഹി ജുമാ മസ്ജിദിന്റെ കാര്യത്തിലുമുണ്ടായി. മൂന്നു ലക്ഷം ജനങ്ങള്‍ അധിവസിക്കുന്ന പ്രദേശമാണിത്. 80 ശതമാനവും മുസ്‌ലിംകള്‍.പള്ളിക്കു സമീപം ഒരു ഹനുമാന്‍ ക്ഷേത്രവും ഏതാനും ഹിന്ദു വീടുകളുമുണ്ട്.

ചന്ദൗസിയിലെ കല്‍ക്കാ ദേവി ക്ഷേത്രത്തിലെ പുരോഹിതനായ ഋഷിരാജ് ഗിരി കോടതിയില്‍ ഒരു പരാതിയുമായെത്തി. മുഗള്‍ രാജാവായ ബാബര്‍ 1529 ല്‍ ഹരിഹര ക്ഷേത്രം തകര്‍ത്താണ് പള്ളി പണിതതെന്നും ഇവിടെയാണ് കല്‍ക്കി ജനിക്കാന്‍ പോവുന്നതെന്നും അതു തങ്ങള്‍ക്ക് വിട്ടുകിട്ടണമെന്നുമായിരുന്നു പരാതിയിലെ ആവശ്യം. പരാതി കോടതിയിലെത്തി മണിക്കൂറുകള്‍ക്കകം പള്ളിക്കുള്ളില്‍ സര്‍വേ നടത്താനുള്ള കോടതി ഉത്തരവുമായി ഉദ്യോഗസ്ഥര്‍ പള്ളിയിലെത്തി. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു അത്. പ്രദേശവാസികള്‍ തടിച്ചു കൂടിയെങ്കിലും സംഘര്‍ഷമൊന്നും ഉണ്ടായില്ല.ഇപ്പോള്‍ വീണ്ടും സര്‍വെയുമായി എത്തിയതാണ് പ്രതിഷേധത്തിന് കാരണമായത്.

Similar News