തിരുവനന്തപുരം:: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ആര്‍എസ്എസ്-കോണ്‍ഗ്രസ്-എസ്ഡിപിഐ ഡീല്‍ ഉണ്ടായെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എ കെ ബാലന്‍. ഇക്കാര്യത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ.പി സരിന്‍ നല്‍കിയ മുന്നറിയിപ്പ് പൂര്‍ണ്ണമായും ശരിയായെന്നും ചരിത്രത്തില്‍ ആദ്യമായിട്ടാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ യുഡിഎഫില്‍ നിന്ന് പ്രവര്‍ത്തിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
''എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും സഹായം യുഡിഎഫിന് ലഭിച്ചിരുന്നു. യുഡിഎഫ് -ആര്‍എസ്എസ് പാലമായിരുന്നു സന്ദീപ് വാര്യര്‍. അവരെ പോലെ നയത്തില്‍ നിന്ന് മാറാന്‍ സിപിഎമ്മിനും എല്‍ഡിഎഫിനും കഴിയില്ല. പാലക്കാട് ശക്തമായ പ്രകടനം നടത്താന്‍ എല്‍ഡിഎഫിന് കഴിഞ്ഞു. നിലപാടിന്റെ ഭാഗമായാണ് സരിന്‍ എല്‍ഡിഎഫിലേക്ക് വന്നത്. അതില്‍ മാറ്റം ഉണ്ടാകില്ല. സരിനെ പാര്‍ട്ടി പ്രോത്സാഹിപ്പിക്കും. അടിസ്ഥാന വോട്ട് ഒന്നും നഷ്ടപ്പെട്ടില്ല. എന്നാല്‍ ഇത് മതിയോ എന്ന് ചോദിച്ചാല്‍ ഇത് പോരാ. സരിന്റെ വ്യക്തിത്വം അവര്‍ക്കറിയാം എന്നുള്ളതുകൊണ്ടാണ് ഈ രീതിയില്‍ ആക്രമിക്കുന്നത്. സരിനെ ഏതെങ്കിലും രീതിയില്‍ നിരാശപ്പെടുത്താന്‍ ആരും ശ്രമിക്കേണ്ട. സരിന്‍ കേരള രാഷ്ട്രീയത്തിലെ തിളങ്ങുന്ന നക്ഷത്രമായി മാറും''-എ കെ ബാലന്‍ പറഞ്ഞു.