ഹോട്ടല്‍മുറിയില്‍ പാത്രം ഹോമകുണ്ഡമാക്കി വിവാഹം; കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് കമിതാക്കള്‍ക്ക് പിഴ ശിക്ഷ
ചണ്ഡീഗഡ്: വിവാഹിതരായി എന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് കൗമാരക്കാരായ കമിതാക്കള്‍ക്ക് പിഴശിക്ഷ വിധിച്ചു. പഞ്ചാബ് ഹരിയാന ഹൈക്കോടതിയാണ് സംരക്ഷണം ആവശ്യപ്പെട്ട് കമിതാക്കള്‍ സമര്‍പ്പിച്ച ഹരജിയില്‍ അവര്‍ക്ക് തന്നെ പിഴ വിധിച്ചത്. കഴിഞ്ഞ സെപ്തംബര്‍ 26ന് ഒളിച്ചോടിയ 20കാരിയും, 19കാരനും ആവശ്യമായ സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഇരുവരുടെയും വിവാഹത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ സര്‍ട്ടിഫിക്കറ്റിന് പകരം കല്ല്യാണ ഫോട്ടോകള്‍ എന്ന് പറഞ്ഞ് ചില ചിത്രങ്ങളാണ് ഇവര്‍ ഹാജരാക്കിയത്. ഒരു പാത്രം ഹോമകുണ്ഡമായി വച്ച് പെണ്‍കുട്ടിയെ ആണ്‍കുട്ടി സിന്ദൂരം അണിയിക്കുന്നതായിരുന്നു ഫോട്ടോയില്‍. ഹോട്ടല്‍ മുറിയില്‍ വച്ച് സിന്ദൂരം ചാര്‍ത്തിയെന്നും, പാത്രത്തില്‍ തയ്യാറാക്കിയ ഹോമകുണ്ഡത്തിന് മുന്നില്‍ പരസ്പരം മാലചാര്‍ത്തിയെന്നും ഇത് വിവാഹമായി കരുതണമെന്നും ഇവര്‍ കോടതിയോട് പറഞ്ഞു. എന്നാല്‍ ഈ ചടങ്ങില്‍ ആരാണ് മന്ത്രം ചൊല്ലിയത് എന്ന് കോടതി തിരിച്ച് ചോദിച്ചു.
ഹോമകുണ്ഡം കൃത്യമല്ല അത് ഒരു പാത്രത്തിലാണ്. ഇത്തരം ഹോട്ടല്‍ മുറിയില്‍വച്ച് നടത്തിയ വിവാഹത്തിന് സാധുതയില്ലെന്ന് പറഞ്ഞ് തള്ളിയ കോടതി ഇവര്‍ക്ക് 25,000 രൂപ പിഴയും വിധിച്ചു. അതേ സമയം ഇവര്‍ക്ക് സുരക്ഷ നല്കാന് പൊലീസിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.