വിവാഹേതര ബന്ധമുള്ള സ്ത്രീ മോശപ്പെട്ട അമ്മയാവണമെന്നില്ല ; പഞ്ചാബ്-ഹരിയാന ഹൈക്കോടതി
നാലര വയസ് പ്രായമുള്ള പെണ്‍കുട്ടിയുടെ സംരക്ഷണം ആവശ്യപ്പെട്ടുള്ളതായിരുന്നു പരാതി
ചണ്ഡിഗഡ്: സ്ത്രീക്ക് വിവാഹേതര ബന്ധമുള്ളത് കുട്ടിയെ വിട്ടുകൊടുക്കാതിരിക്കാനുള്ള കാരണമല്ലെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. പഞ്ചാബിലെ ഫത്തേര്‍ഗഡ് ജില്ലയില്‍ നിന്നുള്ള യുവതിയുടെ ഹേബിയസ് കോര്‍പ്പസ് പരാതിയിലാണ് ജസ്റ്റിസ് അനുപീന്ദര്‍ സിംഗ് ഗ്രേവാളിന്റെ വിധി. നാലര വയസ് പ്രായമുള്ള പെണ്‍കുട്ടിയുടെ സംരക്ഷണം ആവശ്യപ്പെട്ടുള്ളതായിരുന്നു പരാതി. വിവാഹേതര ബന്ധമുള്ളതുകൊണ്ട് മാത്രം അവരെ നല്ല അമ്മയല്ലെന്ന് വിധിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
യുവതിയുടെ പരാതി ശരിവച്ച കോടതി നാലര വയസ്സുകാരിയായ മകളെ ഇവര്‍ക്ക് നല്‍കാനും ഉത്തരവിട്ടു. ഓസ്ട്രേലിയ സ്വദേശിയുമായാണ് യുവതി വിവാഹിതയായത്. യുവതിക്ക് ഒരു ബന്ധുവുമായി വിവാഹേതര ബന്ധമുണ്ട് എന്നായിരുന്നു ഇവരില്‍ നിന്ന് പിരിഞ്ഞ് താമസിക്കുന്ന ഭര്‍ത്താവ് കോടതിയെ അറിയിച്ചത്. വാദം ശരിവയ്ക്കുന്ന രീതിയിലുള്ള തെളിവുകളൊന്നും ഹാജരാക്കാന്‍ ഭര്‍ത്താവിന് സാധിച്ചില്ലെന്ന് ജസ്റ്റിസ് അനുപീന്ദര്‍ സിംഗ് ഗ്രേവാള്‍ വിലയിരുത്തി.