മേയറുടെ കത്ത് കണ്ടിട്ടില്ല; ക്രൈംബ്രാഞ്ചിനും വിജിലന്‍സിനും ഡി ആര്‍ അനിലിന്റെ മൊഴി
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ പിന്‍വാതില്‍ നിയമനത്തിന് മേയര്‍ ആര്യാ രാജേന്ദ്രന്റെ പേരില്‍ പുറത്തുവന്ന കത്തിനെക്കുറിച്ച് അറിയില്ലെന്ന് ആരോപണവിധേയനായ സിപിഎം നേതാവും കൗണ്‍സിലറുമായ ഡി ആര്‍ അനില്‍. ഈ കത്ത് കണ്ടിട്ടില്ലെന്ന് അനില്‍ ക്രൈംബ്രാഞ്ചിനും വിജിലന്‍സിനും മൊഴി നല്‍കി. എസ്എടി ആശുപത്രി വിശ്രമകേന്ദ്രത്തിലെ ഒഴിവിലേക്ക് കുടുംബശ്രീ പ്രവര്‍ത്തകരെ നിയമിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് താന്‍ തയ്യാറാക്കിയതാണെന്ന് അനില്‍ അന്വേഷണ ഏജന്‍സികളോട് പറഞ്ഞു.
കത്ത് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് കൈമാറിയിരുന്നില്ല. എന്നാല്‍, ഇത് തന്റെ ഓഫിസില്‍നിന്ന് പുറത്തുപോയത് എങ്ങനെയെന്ന് അറിയില്ലെന്നും അനില്‍ മൊഴി നല്‍കി. മേയറുടെയും ഡി ആര്‍ അനിലിന്റെയും പേരില്‍ പുറത്തുവന്ന രണ്ട് കത്തുകളിലാണ് നിലവില്‍ അന്വേഷണം നടക്കുന്നത്. കത്തിന്റെ പകര്‍പ്പ് അനില്‍ തിരുവനന്തപുരത്തുള്ള സിപിഎം നേതാക്കളുടെ ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പിലിടുകയും അവിടെ നിന്നും ചോര്‍ന്നുപോയെന്നുമായിരുന്നു ആരോപണം. എന്നാലിതെല്ലാം അനില്‍ നിഷേധിക്കുകയാണ്. മേയര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് പ്രാഥമികാന്വേഷണം നടത്തുന്നത്.
കോര്‍പറേഷനിലെ മുന്‍ കൗണ്‍സിലര്‍ ശ്രീകുമാറിന്റെ പരാതിയിലാണ് വിജിലന്‍സ് അന്വേഷണം. മേയറുടെ കത്തിന് പിന്നാലെ അനിലിന്റെ പേരില്‍ മറ്റൊരു കത്തും പുറത്തുവന്നിരുന്നു. എസ്എടി ആശുപത്രിയില്‍ കുടുംബശ്രീ പ്രവര്‍ത്തകരെ നിയമിക്കാനുള്ള കത്തായിരുന്നു അനിലിന്റെ പേരില്‍ പുറത്തുവന്നത്. ആ കത്ത് താന്‍ തയ്യാറാക്കിയിരുന്നുവെന്നും ഓഫിസില്‍ തയ്യാറാക്കിയ കത്ത് എങ്ങനെ പുറത്തുപോയെന്ന് അറിയില്ലെന്നും ഇയാളുടെ മൊഴിയിലുണ്ട്.
എസ്എടി ആശുപത്രിയിലെ നിയമനത്തിനായി തയ്യാറാക്കിയ കത്ത് പബ്ലിസിറ്റിക്ക് വേണ്ടിയായിരുന്നുവെന്നാണ് അനിലിന്റെ വിശദീകരണം. വിവാദ കത്തില്‍ ക്രൈംബ്രാഞ്ചിന് പിന്നാലെ വിജിലന്‍സും മേയറുടെ ഓഫിസിലെ ജീവനക്കാരുടെ മൊഴിയെടുത്തു. കോര്‍പറേഷന്‍ ഓഫിസിലെ ക്ലര്‍ക്കുമാരായ വിനോദ്, ഗിരിഷ് എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. മാധ്യമങ്ങളില്‍ കാണുന്ന ശുപാര്‍ശ കത്ത് തങ്ങള്‍ തയ്യാറാക്കിയിട്ടില്ലെന്നും ഓഫിസിലെ ജീവനക്കാര്‍ക്ക് എടുക്കാന്‍ കഴിയുന്ന രീതിയിലാണ് മേയറുടെ ലെറ്റര്‍ പാഡ് സൂക്ഷിച്ചിരിക്കുന്നതെന്നുമാണ് ഇരുവരും നല്‍കിയ മൊഴി.