വഖഫ് ഭൂമിയാണെന്ന് തെളിഞ്ഞാല്‍ സ്ഥലം തിരിച്ചു നല്‍കാമെന്ന് എംസി ഖമറുദ്ധീന്‍ എംഎല്‍എ

നഷ്ടത്തിലായ ഒരു സ്ഥാപനത്തെ രക്ഷിക്കാന്‍ വേണ്ടിയാണ് കോളജ് ട്രസ്റ്റ് സ്ഥലം വാങ്ങിയത്. വഖഫ് ഭൂമിയല്ലെന്ന് ബോധ്യമുണ്ടായിരുന്നെന്നും വഖഫ് ഭൂമിയാണെങ്കില്‍ ആ സ്ഥലം വാങ്ങിക്കാന്‍ ട്രസ്റ്റ് തയ്യാറാകില്ലെന്നും എംഎല്‍എ പറഞ്ഞു.

Update: 2020-06-18 08:26 GMT

തൃക്കരിപ്പൂര്‍: ജാമിഅ സഅദിയ്യ ഇസ്‌ലാമിയ അനാഥ- അഗതി മന്ദിരത്തിന്റെ കീഴിലുള്ള തൃക്കരിപ്പൂര്‍ മണിയനോടിയിലെ 2.3 ഏക്കര്‍ ഭൂമിയും അതില്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂള്‍ കെട്ടിടവും വഖഫ് ഭൂമിയാണെന്ന് തെളിഞ്ഞാല്‍ തിരിച്ചുകൊടുക്കാന്‍ ഒരുക്കമാണെന്ന് ടാസ്‌ക് കോളേജ് ട്രസ്റ്റ് ചെയര്‍മാനായ എം സി ഖമറുദ്ദീന്‍ എംഎല്‍എ.

കാസര്‍ഗോഡ് ഗസ്റ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നഷ്ടത്തിലായ ഒരു സ്ഥാപനത്തെ രക്ഷിക്കാന്‍ വേണ്ടിയാണ് കോളജ് ട്രസ്റ്റ് സ്ഥലം വാങ്ങിയത്. വഖഫ് ഭൂമിയല്ലെന്ന് ബോധ്യമുണ്ടായിരുന്നെന്നും വഖഫ് ഭൂമിയാണെങ്കില്‍ ആ സ്ഥലം വാങ്ങിക്കാന്‍ ട്രസ്റ്റ് തയ്യാറാകില്ലെന്നും എംഎല്‍എ പറഞ്ഞു.

51 ശതമാനം ഓഹരി സ്ഥലത്തിന്റെ ഉടമയായ പ്രസ്ഥാനത്തിന് തന്നെയാണ്. 49 ശതമാനം ഓഹരി മാത്രമാണ് കോളജ് ട്രസ്റ്റിനുള്ളത്. പുതിയ ഉടമ്പടി പ്രകാരം ട്രസ്റ്റ് ചെയര്‍മാന്‍ സ്ഥാനം അവര്‍ക്കാണ്. സ്ഥലം ഇടപാടുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളെല്ലാം എംഎല്‍എ നിഷേധിച്ചു.

എം സി ഖമറുദ്ധീന്‍ ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് ട്രഷററുമായ ട്രസ്റ്റ് വഖഫ് ഭൂമി നിസാരവിലക്ക് വാങ്ങിച്ചുവെന്ന ആരോപണം ശക്തമായിരിക്കെയാണ് ഖമറുദ്ദീന്‍ നിലപാട് വ്യക്തമാക്കിയത്. അതിനിടെ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ സമസ്ത നേതൃത്വം നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം ചേര്‍ന്ന സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ഉന്നതരായ അഞ്ച് അംഗങ്ങളെ ഇതിനായി അധികാരപ്പെടുത്തി.

ഈ സമിതി ഇരുവിഭാഗങ്ങളെയും വിളിച്ചു ചേര്‍ത്ത് വിഷയം ചര്‍ച്ച ചെയ്യും. ഭൂമി രജിസ്‌ട്രേഷന്‍ സംബന്ധിച്ച ഇടപാടുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പടന്നയിലെ പൊതുപ്രവര്‍ത്തകന്‍ കെ എം ശിഹാബുദ്ധീന്‍ കാസര്‍ഗോഡ് ജില്ലാ പോലിസ് മേധാവിക്കും ജില്ലാ രജിസ്ട്രാര്‍ക്കും നല്‍കിയ പരാതിയില്‍ അന്വേഷണം ഉടന്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്.

Tags:    

Similar News