എം സി ഖമറുദ്ദീന്റെ അറസ്റ്റ്: മുസ് ലിം ലീഗ് അടിയന്തര നേതൃയോഗം നാളെ
രാഷ്ട്രീയ പ്രേരിതമെന്ന് ആവര്‍ത്തിച്ച് എം സി ഖമറുദ്ദീന്‍ എംഎല്‍എ
കാസര്‍കോട്: ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎല്‍എ എം സി ഖമറുദ്ദീനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മുസ്ലിം ലീഗ് അടിയന്തര നേതൃയോഗം വിളിച്ചു. നാളെ രാവിലെ 11നു കോഴിക്കോട് ചേരുന്ന യോഗത്തില്‍ ലീഗ് നിലപാട് വ്യക്തമാക്കുമെന്നാണു സൂചന. തദ്ദേശ തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കിയിരിക്കെ ഉണ്ടായ അറസ്റ്റ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുമെന്ന് നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെ, അറസ്റ്റ് സംബന്ധിച്ച വ്യക്തമായ ചര്‍ച്ച യോഗത്തിലുണ്ടാവുമെന്നും പാര്‍ട്ടിയെ ബാധിക്കാത്ത വിധത്തില്‍ കൈകാര്യം ചെയ്യേണ്ട പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്നുമാണ് കരുതുന്നത്.
അതേസമയം, മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് എം സി ഖമറുദ്ദീന്‍ എംഎല്‍എ. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് രാഷ്ട്രീയ പ്രേരിതമായ നീക്കമാണ് തന്റെ അറസ്റ്റെന്നും സര്‍ക്കാര്‍ സ്വന്തം തെറ്റ് മറച്ചുവയ്ക്കാന്‍ എന്നെ ബലിയാടാക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തിങ്കളാഴ്ച കേസ് ഹൈക്കോടതി പരിഗണിക്കുന്നതു പോലും കാത്തു നിന്നില്ല. അറസ്റ്റിന് മുമ്പ് നോട്ടിസ് നല്‍കിയില്ല. ഇതുകൊണ്ടൊന്നം എന്നെ തകര്‍ക്കാന്‍ കഴിയില്ലെന്നും ആരോഗ്യ പരിശോധനയ്ക്ക് കൊണ്ടുപോവുന്നതിനിടെ ഖമറുദ്ദീന്‍ പറഞ്ഞു.
അതേസമയം, വിഷയത്തില്‍ മുസ് ലിം ലീഗ് സംസ്ഥാന നേതൃത്വം പ്രതികരിച്ചിട്ടില്ലെങ്കിലും അറസ്റ്റ് ചെയ്ത സമയം രാഷ്ട്രീയപ്രേരിതമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ പറഞ്ഞു.
MC Khamaruddin MLA's arrest: Muslim League's emergency meeting tomorrow