മീഡിയാ വണ്‍ കേസ്; അഭിപ്രായ സ്വാതന്ത്ര്യത്തിന് അടിവരയിടുന്ന വിധിയെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍
കൊച്ചി: ഭരണഘടന ഉറപ്പു നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യം അടിവരയിടുന്നതാണ് മീഡിയ വണ്‍ കേസിലെ സുപ്രീംകോടതി വിധിയെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. ഭരണകൂട നയങ്ങളെ വിമര്‍ശിച്ചതു കൊണ്ടു മാത്രം ഒരു മാധ്യമത്തിനു മേല്‍ ദേശദ്രോഹമുദ്ര ചാര്‍ത്തരുതെന്നാണ് കോടതിയുടെ നിരീക്ഷണം. ദേശസുരക്ഷയെ പൗരവകാശ നിഷേധത്തിനുള്ള ഉപകരണമായി ഭരണകൂടം ഉപയോഗിക്കുന്നുവെന്ന സുപ്രീംകോടതി നിരീക്ഷണം മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുണ്ടായ വര്‍ത്തമാനകാല സംഭവങ്ങളോടുള്ള ചേര്‍ത്തു വായിക്കലായി വിലയിരുത്താം. ജനാധിപത്യവും പൗരാവകാശവും സര്‍വോപരി അഭിപ്രായ സ്വാതന്ത്ര്യവും ഉയര്‍ത്തിപ്പിടിക്കുന്നതാണ് സുപ്രീംകോടതി വിധി. നീതിബോധത്തെക്കുറിച്ചുള്ള പ്രതീക്ഷകളെ ഈ വിധി കൂടുതല്‍ പ്രകാശഭരിതമാക്കുന്നു. മീഡിയ വണ്‍ നടത്തിയ നിയമപോരാട്ടത്തില്‍ തുടക്കം മുതല്‍ കേരള പത്രപ്രവര്‍ത്തക യൂണിയനും ഒപ്പം ഉണ്ടായിരുന്നു. മാധ്യമ സ്വാതന്ത്ര്യവും തൊഴിലവകാശവും ഉറപ്പു വരുത്താനുള്ള നിയമയുദ്ധത്തില്‍ യൂണിയന്‍ സുപ്രീംകോടതിയില്‍ കക്ഷി ചേര്‍ന്നു. മാധ്യമരംഗത്തെ തൊഴിലാളിപക്ഷ വിജയം കൂടിയാണ് സുപ്രീംകോടതിവിധിയെന്നും ഒപ്പം നിന്ന എല്ലാവരെയും അഭിവാദ്യം ചെയ്യുന്നതായും കെ യു ഡബ്‌ള്യു ജെ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബുവും അറിയിച്ചു.