മീഡിയ വണ്‍ വിലക്ക്: എതിര്‍ ശബ്ദങ്ങളെ ഫാഷിസ്റ്റ് ഭരണകൂടം ഭയപ്പെടുന്നതിന്റെ തെളിവെന്ന് എഎസ് മുസമ്മില്‍

ഭരണകൂടത്തിനെതിരേ വാര്‍ത്ത നല്‍കുമ്പോള്‍ ജനാധിപത്യപരമായി സംവദിക്കുന്നതിനു പകരം കേന്ദ്രസര്‍ക്കാര്‍ ദേശദ്രോഹത്തിന്റെ കള്ളക്കഥകള്‍ പറഞ്ഞ് മാധ്യമസ്ഥാപനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയാണ്

Update: 2022-02-08 14:31 GMT

തിരുവനന്തപുരം: മീഡിയവണ്‍ സംപ്രേഷണം വിലക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി തങ്ങള്‍ക്ക് നേരെ വരുന്ന എതിര്‍ശബ്ദങ്ങളെ ഭയപ്പെടുന്ന തെളിവാണെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എഎസ് മുസമ്മില്‍. മീഡിയ വണ്‍ വിലക്കിനെതിരെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഏജീസ് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാധ്യമങ്ങള്‍. ആ മാധ്യമങ്ങള്‍ തങ്ങള്‍ക്കെതിരെ വാര്‍ത്ത നല്‍കുമ്പോള്‍ ജനാധിപത്യപരമായി സംവദിക്കുന്നതിനു പകരം കേന്ദ്രസര്‍ക്കാര്‍ ദേശദ്രോഹത്തിന്റെ കള്ളക്കഥകള്‍ പറഞ്ഞ് അത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നിരോധനം ഏര്‍പ്പെടുത്തുകയാണ്.

കേന്ദ്രസര്‍ക്കാര്‍ തുടരുന്ന ഫാഷിസ്റ്റ് നടപടികളുടെ തുടര്‍ച്ചയാണ് മീഡിയവണ്‍ നിരോധനവും. എന്തിനാണ് വിലക്കേര്‍പ്പെടുത്തിയതെന്ന് ആ സ്ഥാപനത്തോടോ പൊതുസമൂഹത്തോടോ പറയാന്‍ പോലും കേന്ദ്ര സര്‍ക്കാരിന് സാധിക്കുന്നില്ല. ഇതിനെതിരെ ജനാധിപത്യ ശബ്ദങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്. മീഡിയവണ്‍ നിരോധനം ഉടന്‍തന്നെ നീക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡന്റ് ഉമര്‍ മുഖ്താര്‍, കമ്മറ്റി അംഗം ഉവൈസ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

Tags:    

Similar News