മെഡിക്കല്‍ കോളജ് ആശുപത്രി: അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്ക് ഒപി കൗണ്ടര്‍
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്കിലെ വിവിധ വിഭാഗങ്ങളില്‍ പുതുതായി സജ്ജമാക്കിയ ഒപി കൗണ്ടറിനെക്കുറിച്ച് വ്യാപക പരാതി. ഒരുവിധ സൗകര്യങ്ങളുമില്ലാതെ പഴയ മോര്‍ച്ചറി പ്രവര്‍ത്തിച്ചിരുന്നതിനോട് ചേര്‍ന്ന് സജ്ജമാക്കിയ ഒപി കൗണ്ടറിനെതിരെയാണ് രോഗികളുടെയും ബന്ധുക്കളുടെയും വ്യാപക പരാതി. നന്നേ ഇടുങ്ങിയ മുറിക്കുള്ളിലെ മൂന്ന് കൗണ്ടറുകളില്‍ നിന്നുതിരിയാന്‍ ഇടമില്ലെന്നാണ് ആക്ഷേപം. ഒപി ടിക്കറ്റിനായി വന്‍ ക്യൂവാണ് പലപ്പോഴും.
ഒരു സെക്യൂരിറ്റി ജീവനക്കാരന്‍ മാത്രമുള്ള ഇവിടെ അസൗകര്യങ്ങളുടെ പേരില്‍ വാക്കേറ്റങ്ങളും നടക്കാറുണ്ട്. ഇതിനോട് ചേര്‍ന്ന ഒപി ഫാര്‍മസിയിലും വലിയ തിരക്കുണ്ട്. കൂടാതെ ഫാര്‍മസിയോട് ചേര്‍ന്നുതന്നെ വരുംദിവസങ്ങളിലേക്കുള്ള മുന്‍കൂര്‍ ടോക്കന്‍ കൗണ്ടറുമുണ്ട്. ഇവിടെ എത്തുന്നവര്‍ക്കും വന്‍ ദുരിതമാണ്. പലപ്പോഴും രണ്ടും മൂന്നും നീണ്ട ക്യൂ കാണാം. ഒന്നുരണ്ട് മണിക്കൂര്‍ ക്യൂ നിന്നാല്‍ മാത്രമേ ബുക്കിങ് നടക്കൂ. ഇതിനുമുമ്പ് സൂപ്പര്‍സ്‌പെഷാലിറ്റി ബ്ലോക്കിലെ പ്രവേശന കവാടത്തിലായിരുന്നു ഒപി കൗണ്ടര്‍. ഇത് രോഗികള്‍ക്കും കൂടെയെത്തുന്നവര്‍ക്കും വളരെ സൗകര്യപ്രദമായിരുന്നു. ഒപി കൗണ്ടറിലെ അസൗകര്യം പരിഹരിക്കാന്‍ നടപടിവേണമെന്ന ആവശ്യം ഉയരുന്നു.