കോഴിക്കോട് : വടകര മാർക്കറ്റ് റോഡിൽ വ്യാപാരിയെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അടക്കാത്തെരു
പുതിയാപ്പ സ്വദേശി പലവ്യഞ്ജന കട നടത്തുന്ന രാജൻ ( 62 )നാണ് കൊല്ലപ്പെട്ടത്. മോഷണത്തിനിടെയുള്ള കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവമുണ്ടായത്. പതിവ് സമയം കഴിഞ്ഞിട്ടും രാജൻ രാത്രിയിൽ വീട്ടിലെത്താതിരുന്നതോടെ വീട്ടുകാർ അന്വേഷിച്ച് കടയിൽ എത്തിയപ്പോഴാണ് നിലത്ത് വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
ഇയാളുടെ ശരീരത്തിലുണ്ടായിരുന്ന മൂന്ന് പവൻ സ്വർണ ചെയിനും, മോതിരവും, കടയിലുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടതായി പൊലീസ് പറഞ്ഞു. കഴുത്തിലും, മുഖത്തും, വിരലുകളിലും പരിക്കേറ്റ പാടുകളുണ്ട്. ഇയാളുടെ മോട്ടോർ ബൈക്കും കാണാതായി. മൃതദേഹം വടകര ഗവ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്.