യമനില്‍ ദശലക്ഷങ്ങള്‍ പട്ടിണിയില്‍: സ്ഥിതി ഗുരുതരമെന്ന് ഐക്യരാഷ്ട്രസഭ

രാജ്യത്തെ 30 ദശലക്ഷം ജനങ്ങളില്‍ 80 ശതമാനത്തിനും സഹായം ആവശ്യമുണ്ട്. യെമന്‍ വിനാശകരമായ ക്ഷാമത്തില്‍ അകപ്പെടുമെന്നതില്‍ സംശയമില്ലെന്നും ഐക്യരാഷ്ട്ര സഭ വക്താവ് പറഞ്ഞു.

Update: 2020-11-12 16:50 GMT

സന്‍ആ: യുദ്ധത്തില്‍ തകര്‍ന്ന യെമനില്‍ ദശലക്ഷക്കണക്കിന് പുരുഷന്മാരും സ്ത്രീകളും കുട്ടികളും പട്ടിണിയിലാണെന്ന് ഐക്യരാഷ്ട്രസഭ വീണ്ടും മുന്നറിയിപ്പ് നല്‍കി. കുട്ടികളുടെ പോഷകാഹാരക്കുറവ് യെമന്റെ ചില ഭാഗങ്ങളില്‍ വളരെ രൂക്ഷമായിട്ടുണ്ട്. യമന്‍ ലോകത്തെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധിയാണെന്ന് യുഎന്‍ വിശേഷിപ്പിക്കുന്നു, രാജ്യത്തെ 30 ദശലക്ഷം ജനങ്ങളില്‍ 80 ശതമാനത്തിനും സഹായം ആവശ്യമുണ്ട്. യെമന്‍ വിനാശകരമായ ക്ഷാമത്തില്‍ അകപ്പെടുമെന്നതില്‍ സംശയമില്ലെന്നും ഐക്യരാഷ്ട്ര സഭ വക്താവ് പറഞ്ഞു.

തലസ്ഥാനമായ സന്‍ആ പിടിച്ചടക്കിയ ഇറാന്‍ സഖ്യകക്ഷിയായ ഹൂത്തി ഗ്രൂപ്പിനെതിരെ പോരാടുന്ന സര്‍ക്കാര്‍ സേനയെ പിന്തുണച്ച് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സൈനിക സഖ്യം യെമനില്‍ ഇടപെട്ടതിനുശേഷം പോരാളികളും സാധാരണക്കാരും ഉള്‍പ്പടെ ഒരു ലക്ഷത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. യുദ്ധത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക മാന്ദ്യവും കറന്‍സിയുടെ മൂല്യ തകര്‍ച്ചയും രാജ്യത്തെ വന്‍ ക്ഷാമത്തിലേക്ക് എത്തിച്ചതിനൊപ്പം കൊവിഡ് കൂടി ബാധിച്ചതോടെ ദുരിതം ഇരട്ടിച്ചു.

യമനിലെ ജനങ്ങള്‍ക്കു വേണ്ടി ഐക്യരാഷ്ട്രസഭ സഹായം അഭ്യര്‍ഥിച്ചപ്പോള്‍ സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ), കുവൈറ്റ് എന്നീ രാജ്യങ്ങള്‍ അനുകൂലമായി പ്രതികരിച്ചിരുന്നില്ല. പിന്നീട് കുവൈത്ത് 20 ദശലക്ഷം ഡോളര്‍ സംഭാവന പ്രഖ്യാപിക്കുകയും സൗദി അറേബ്യ യുഎന്‍ സഹായ ഏജന്‍സികള്‍ക്ക് 204 ദശലക്ഷം ഡോളര്‍ നല്‍കുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ യുഎഇ ഈ വര്‍ഷത്തേക്ക് ധനസഹായമൊന്നും പ്രഖ്യാപിച്ചിട്ടില്ല. യെമനിലേക്ക് അടിയന്തിരമായി സഹായമെത്തിക്കാന്‍ ജര്‍മ്മനിയിലെ യുഎന്‍ അംബാസഡര്‍ ക്രിസ്റ്റോഫ് ഹ്യൂസ്ജെന്‍ ലോക നേതാക്കളോട് ആവശ്യപ്പെട്ടു.

Tags:    

Similar News