മിനിമം ചാര്‍ജ്ജ് 10 രൂപ, മഞ്ഞ റേഷന്‍ കാര്‍ഡുള്ള വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര; ബസ് യാത്രാ നിരക്ക് വര്‍ധനവ് ഉടന്‍
രാത്രി സര്‍വീസുകള്‍ക്ക് 50 ശതമാനം അധിക നിരക്ക് വര്‍ധനവും ഗതാഗത വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. രാത്രി 8നും പുലര്‍ച്ചെ 5നും ഇടയിലുള്ള ഓര്‍ഡിനറി സര്‍വീസുകള്‍ക്ക് മാത്രമാണ് ഇത് ബാധകം.
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് യാത്രാ നിരക്ക് വര്‍ധനവ് ഉടന്‍ നടപ്പായേക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇയില്‍ നിന്നും തിരികെ എത്തിയ ശേഷം നിരക്ക് വര്‍ധനവ് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. മിനിമം നിരക്ക് 10 രൂപയാക്കാനാണ് ഗതാഗത വകുപ്പിന്റെ ശുപാര്‍ശ. ബസ് ചാര്‍ജ് വര്‍ധനവെന്നത് ഏറെ കാലത്തെ സ്വകാര്യ ബസ് ഉടമകളുടെ ആവശ്യമാണ്. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ ശുപാശകള്‍ അടിസ്ഥാനമാക്കി അന്തിമ റിപോര്‍ട്ട് ഗതാഗത വകുപ്പ് മുഖ്യമന്ത്രിയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. രണ്ടര കിലോമീറ്റര്‍ ദൂരത്തിന് മിനിമം നിരക്ക് 8ല്‍ നിന്ന് പത്താകണമെന്നാണ് നിര്‍ദേശം. ഇതിന് ശേഷമുള്ള ഓരോ കിലോമീറ്ററിനും 80 പൈസ എന്നത് ഒരു രൂപയാകും. ഇതിന് ആനുപാതികമായിട്ടാകും തുടര്‍ന്നുള്ള വര്‍ധനവും.
രാത്രി സര്‍വീസുകള്‍ക്ക് 50 ശതമാനം അധിക നിരക്ക് വര്‍ധനവും ഗതാഗത വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. രാത്രി 8 നും പുലര്‍ച്ചെ 5നും ഇടയിലുള്ള ഓര്‍ഡിനറി സര്‍വീസുകള്‍ക്ക് മാത്രമാണ് ഇത് ബാധകം. അതേസമയം ബിപിഎല്‍ കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ബസ് യാത്ര സൗജന്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്. മഞ്ഞ റേഷന്‍ കാര്‍ഡ് ഉള്ളവര്‍ക്കാണ് സൗജന്യ യാത്ര. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ദ്ധിപ്പിക്കും. ഒന്നര കിലോമീറ്ററിന് ഒരു രൂപയും,5 കിലോമീറ്ററിന് 2 രൂപയുമാണ് നിലവിലെ നിരക്ക്. ഈ രണ്ട് ദൂരത്തിനും 5 രൂപയാക്കാനാണ് നിര്‍ദേശം.