ബസ് ചാര്‍ജ്: സംഘടനകള്‍ ഇങ്ങോട്ട് വന്നാല്‍ ചര്‍ച്ചയ്ക്ക് തയ്യാര്‍; ഈ മാസം 30നുള്ള എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമെന്നും മന്ത്രി

ബസുടമകളുടെ സമരം പൊതുജനങ്ങള്‍ക്കെതിരെയാണ്

Update: 2022-03-26 12:37 GMT

തിരുവനന്തപുരം: സ്വകാര്യ ബസ് സമരം തുടരുന്നത് ഗതാഗത മന്ത്രിയുടേയും സംസ്ഥാന സര്‍ക്കാരിന്റെയും പിടിവാശി മൂലമാണെന്ന ബസ് ഉടമകളുടെ ആരോപണം തള്ളി ഗതാഗത മന്ത്രി ആന്റണി രാജു. സര്‍ക്കാരിന് പിടിവാശിയില്ല. ബസ് ഉടമകളുടെ സംഘടനയിലെ ചില നേതാക്കളാണ് പിടിവാശികാണിക്കുന്നത്. സംഘടനകള്‍ ഇങ്ങോട്ട് വന്നാല്‍ ചര്‍ച്ചക്ക് തയ്യാറാണ്. ഈ മാസം 30ന് എല്‍ഡിഎഫ് യോഗം ചേര്‍ന്നതിന് ശേഷം ബസ് ചാര്‍ജ് വര്‍ധനയിലടക്കം തീരുമാനം വരുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.

നിരക്ക് പ്രഖ്യാപനം വരാതെ സമരം പിന്‍വലിക്കില്ലെന്ന നിലപാടിലാണ് ബസുടമകള്‍. അവരാണ് പിടിവാശി കാണിക്കുന്നത്. നിരക്ക് വര്‍ധനയിലടക്കം 30ന് തീരുമാനമെടുക്കുമെന്ന് അറിയിച്ചതാണ്. എന്നിട്ടും ബസ് ഉടമകള്‍ സമരത്തിനിറങ്ങുകയായിരുന്നു. സമരമെന്ന് പറഞ്ഞാലും ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ ബസുകള്‍ നിരത്തിലിറങ്ങുന്നുണ്ട്. ബസുടമകളുടെ സമരം പൊതുജനങ്ങള്‍ക്കെതിരെയാണ്. അവസാനത്തെ സമരായുധം എടുത്ത ശേഷം ബസുടമകള്‍ ഇപ്പോള്‍ സര്‍ക്കാരിനെ പഴിക്കുകയാണെന്നും ഗതാഗത മന്ത്രി കുറ്റപ്പെടുത്തി.

നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലാണ്. യാത്ര നിരക്ക് കൂട്ടാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ബസ് ഉടമകളുടെ സംഘടന. സമരം തുടങ്ങി ദിവസങ്ങള്‍ പിന്നിട്ടിട്ടും ചര്‍ച്ചക്ക് പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും നിരക്ക് വര്‍ധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു പറ്റിച്ചുവെന്നും ബസ് ഉടമകള്‍ വിമര്‍ശിക്കുന്നു.

പരീക്ഷാ കാലത്ത് വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിച്ചെന്ന് പറയുന്ന ഗതാഗത മന്ത്രി കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര അനുവദിക്കുന്നുണ്ടോ എന്നും ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. ഗതാഗത മന്ത്രിയുടെ പിടിവാശിയിലുണ്ടായ സമരമാണിത്. നിരക്ക് വര്‍ധന എല്‍ഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. വൈകാതെ നിരക്ക് കൂട്ടുമെന്ന് പറഞ്ഞിട്ട് ഗതാഗത മന്ത്രി വാക്കുപാലിച്ചില്ലെന്നും ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ വിമര്‍ശിച്ചു. 

Tags:    

Similar News