സ്വാതന്ത്ര്യം അര്‍ത്ഥവത്താകണമെങ്കില്‍ എല്ലാ മനുഷ്യര്‍ക്കും തുല്ല്യനീതി ലഭിക്കണം: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

Update: 2022-08-11 14:24 GMT

കോഴിക്കോട്: സ്വാതന്ത്ര്യം അര്‍ത്ഥപൂര്‍ണ്ണമാകുന്നത് എല്ലാ മനുഷ്യര്‍ക്കും നീതിപൂര്‍വ്വമായ പരിഗണന ലഭിക്കുമ്പോഴാണെന്ന് തുറമുഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. രാഷ്ട്രജീവിതത്തിന്റെ അടിത്തറയായ ജനാധിപത്യം, മതനിരപേക്ഷത, തുല്യനീതി എന്നിവ കാത്തു സൂക്ഷിക്കാന്‍ നമുക്ക് ബാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പറയഞ്ചേരി ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്. എസിന്റെ ആഭിമുഖ്യത്തില്‍ 'സ്വാതന്ത്ര്യം തന്നെ ജീവിതം' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ജില്ലാ തല ക്വിസ് മത്സരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദന സദസ് കോഴിക്കോട് കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ് നിര്‍വഹിച്ചു. എസ് കെ പൊറ്റക്കാട് സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ ടി രനീഷ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ കായിക സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സി രേഖ മുഖ്യാതിഥിയായി. ഉന്നത വിജയികള്‍ക്കുള്ള സമ്മാനദാനം ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ദിവാകരന്‍ നിര്‍വഹിച്ചു.

പ്രശ്‌നോത്തരി മത്സരത്തില്‍ ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നായി 50 പേര്‍ പങ്കെടുത്തു. രണ്ടുപേരടങ്ങുന്ന ടീമുകളായാണ് പങ്കെടുത്തത്. സേവിയോ എച്ച്എസ്എസ് ദേവഗിരി ഒന്നാം സ്ഥാനവും ജി.എച്ച്.എസ്.എസ് ബേപ്പൂര്‍ രണ്ടാം സ്ഥാനവും നേടി.

പി ടി എ പ്രസിഡന്റ് ഷിറാഫ് ഖാന്‍, പ്രിന്‍സിപ്പാള്‍ മുരളീധരന്‍, ഹെഡ്മിസ്ട്രസ് ജയശ്രീ, സ്റ്റാഫ് സെക്രട്ടറി സജിമാത്യു, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ആര്‍ രഘു ചന്ദ്രന്‍, ജില്ലാ കോഓര്‍ഡിനേറ്റര്‍മാരായ എം കെ ഫൈസല്‍, എസ് ശ്രീ ചിത്ത്, ക്ലസ്റ്റര്‍ കോ ഓഡിനേറ്റര്‍ കെ എന്‍ റഫീഖ് എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ കെ ദേവദാസന്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ കെ പ്രഭീഷ് കുമാര്‍ നന്ദിയും പറഞ്ഞു.

Tags:    

Similar News