സര്‍ക്കാരിനെ വിരട്ടി കാര്യം നേടാമെന്ന് വിചാരിയ്‌ക്കേണ്ട; പണിമുടക്കിലേക്ക് ജീവനക്കാരെ തള്ളിവിട്ടത് യൂനിയനുകളാണെന്നും മന്ത്രി

ആവശ്യമുണ്ടെങ്കിലേ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടൂ

Update: 2022-05-11 12:33 GMT

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി സമരത്തില്‍ വിമര്‍ശനവുമായി ഗതാഗത മന്ത്രി ആന്റണി രാജു. സര്‍ക്കാരിനെ വിരട്ടി കാര്യം നേടാമെന്ന വിചാരിക്കേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ശമ്പള പ്രതിസന്ധിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. 

പണിമുടക്കിലേക്ക് ജീവനക്കാരെ തള്ളിവിട്ടത് യൂനിയനുകളാണെന്ന് ആന്റണി രാജു വിമര്‍ശിച്ചു. അവരാണ് പ്രതിസന്ധി സൃഷ്ടിച്ചത്. സര്‍ക്കാരിനെ വിരട്ടി ഇങ്ങനെ കാര്യം നേടാമെന്ന് ആരും വിചാരിക്കേണ്ട. ആവശ്യമുണ്ടെങ്കിലേ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടൂവെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയോട് അധികതുക നല്‍കാന്‍ ആവശ്യപ്പെട്ടിട്ടില്ല. അദ്ദേഹത്തിന് കാര്യങ്ങള്‍ വ്യക്തമായി അറിയാം. ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്തിട്ടുണ്ട്. യൂനിയന്‍ നേതാക്കളുടെ വാക്കുകേട്ട് പണിമുടക്കിലേക്ക് പോയതല്ലേ. ശമ്പളം കിട്ടാത്തതിന് സര്‍ക്കാരിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. താന്‍ കെ.എസ്.ആര്‍.ടി.സിയുടെ കണക്കപിള്ളയല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് നാളെ മുതല്‍ സമരം തുടങ്ങുമെന്ന് കെ.എസ്.ആര്‍.ടി.സി പ്രതിപക്ഷ സംഘടനയായ ടിഡിഎഫ് ഇന്ന് പ്രഖ്യാപിച്ചിരുന്നു. ശമ്പളം നീട്ടിക്കൊണ്ടുപോകുന്നതില്‍ ഗതാഗത മന്ത്രിക്കും പങ്കുണ്ടെന്ന് ടി.ഡി.എഫ് വര്‍ക്കിങ് പ്രസിഡന്റ് ആര്‍ ശശിധരന്‍ ആരോപിച്ചു. പണിമുടക്ക് മഹാ അപരാധമാണെന്നാണ് മന്ത്രി പ്രചരിപ്പിക്കുന്നത്. ഇത് പ്രകോപനപരമായ പ്രസ്താവനയാണ്. ശമ്പളം നല്‍കേണ്ട ഉത്തരവാദിത്തം മന്ത്രിക്കുമുണ്ട്. കെ.എസ്.ആര്‍.ടി.സി പണിമുടക്കിനെ വിമര്‍ശിച്ചവര്‍ എന്തുകൊണ്ട് അഖിലേന്ത്യാ പണിമുടക്കിനെക്കുറിച്ച് പറയുന്നില്ലെന്നും ആര്‍ ശശിധരന്‍ ചോദിച്ചു. സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നും ടിഡിഎഫ് ആവശ്യപ്പെട്ടു.

Tags:    

Similar News