വിദ്യാഭ്യാസ സമത്വം ഉറപ്പാക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി കെ രാധാകൃഷ്ണന്‍

Update: 2022-04-30 19:26 GMT

തൃശൂര്‍: പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒരേ നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ മന്ത്രി കെ രാധാക്യഷ്ണന്‍. വികസനത്തിന്റെ ആദ്യ പാഠം വിദ്യാഭ്യാസ സമത്വമാണെന്നും അത് ഉറപ്പാക്കാന്‍ സര്‍ക്കാരിനായെന്നും മന്ത്രി പറഞ്ഞു. ചേര്‍പ്പ് ഹൈടെക് സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പണക്കാരുടെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളില്‍ അഡ്മിഷന് വേണ്ടി സാധാരണക്കാരന് ക്യൂ നില്‍ക്കേണ്ട അവസ്ഥ ഇന്നില്ല. പകരം പാവപ്പെട്ടവന്റെ കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉന്നത നിലവാരത്തിലേയ്ക്ക് എത്തിക്കഴിഞ്ഞു. സര്‍ക്കാര്‍ സ്‌കൂളിലേയ്ക്ക് എല്ലാവരും ഒരു പോലെ വരികയാണ്. ഇത് വലിയൊരു മാറ്റത്തിന്റെ തുടക്കമാണെന്നും മന്ത്രി പറഞ്ഞു. മികച്ച വിദ്യാഭ്യാസത്തോടൊപ്പം ആധുനിക സൗകര്യ നിലവാരത്തിലുമാണ് സര്‍ക്കാര്‍ സ്‌കൂളുകള്‍. വിദ്യാഭ്യാസ വളര്‍ച്ചയ്ക്ക് ഒപ്പം തന്നെ ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്നിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രഖ്യാപനങ്ങള്‍ അല്ല മറിച്ച് പ്രവര്‍ത്തികളാണ് സംസ്ഥാന സര്‍ക്കാരിന്റെ വിജയത്തിന് കാരണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സി സി മുകുന്ദന്‍ എം എല്‍ എ പറഞ്ഞു. സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്‌കൂളുകള്‍ക്ക് ഫര്‍ണിച്ചര്‍ വാങ്ങാന്‍ രണ്ടരക്കോടി രൂപ ജില്ലാ പഞ്ചായത്ത് അനുവദിച്ചിട്ടുണ്ടെന്നും ചേര്‍പ്പ് സ്‌കൂളില്‍ ശുദ്ധജലം ഉറപ്പാക്കാനായി കുഴല്‍കിണര്‍ സംവിധാനം ഒരുക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ചടങ്ങില്‍ പങ്കെടുത്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ അറിയിച്ചു.

15,353 ചതുരശ്രടി വിസ്തീര്‍ണമുള്ള കെട്ടിടത്തില്‍അക്കാദമിക ബ്ലോക്ക്, 1934 ചതുരശ്രടി വിസ്തീര്‍ണമുള്ള ഒരു കിച്ചന്‍ ബ്ലോക്ക് എന്നിവയാണ് കെട്ടിടത്തില്‍ നിര്‍മിച്ചിരിക്കുന്നത്. രണ്ട് നിലകളുള്ള കെട്ടിടത്തിലെ ഓരോ നിലയിലും ആറ് ക്ലാസ് മുറികള്‍ വീതമുണ്ട്. മുകളിലത്തെ നിലയില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള ശൗചാലയങ്ങള്‍, ഒരു കോമണ്‍ സിറ്റിങ് ഏരിയ, സ്‌പെഷ്യല്‍ കെയര്‍ റൂം എന്നിവയാണുള്ളത്. താഴത്തെ നിലയില്‍ സ്റ്റാഫ് റൂം, പ്രിന്‍സിപ്പല്‍ റൂം, കിച്ചണ്‍ ഡൈനിങ് ഹാള്‍, ലാബ് എന്നിവയും ഉണ്ട്. ശാരീരിക അസ്വാസ്ഥ്യം അനുഭവിക്കുന്ന കുട്ടികള്‍ക്കായി സ്‌കൂളിലേയ്ക്ക് കയറാനായി പ്രത്യേക റാംപ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കിഫ്ബി ഫണ്ടില്‍ നിന്ന് കൈറ്റിന്റെ മേല്‍നോട്ടത്തില്‍ അഞ്ച് കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം പണിതിരിക്കുന്നത്.

ചേര്‍പ്പ് ബ്ലോക്ക് പ്രസിഡന്റ് എ കെ രാധാകൃഷ്ണന്‍, ചേര്‍പ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജീഷ കളിയത്ത്, ജില്ലാ പഞ്ചായത്തംഗം വി ജി വനജ കുമാരി, മുന്‍ എംഎല്‍എ ഗീത ഗോപി, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ വി വല്ലഭന്‍, കൈറ്റ് പ്രോജക്ട് മാനേജര്‍ ബിന്ദു ഷാജി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സുനില്‍കുമാര്‍ എം പി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Tags:    

Similar News