തൃശൂര്‍: പുതിയ രോഗങ്ങളെ കൂട്ടായ യജ്ഞത്തിലൂടെ വേണം ചെറുക്കേണ്ടതെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നോക്കക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. ആരോഗ്യ പ്രവര്‍ത്തകര്‍, ത്രിതല പഞ്ചായത്തുകള്‍, സന്നദ്ധപ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ തുടങ്ങിയവരുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ ഈ ചെറുത്തുനില്‍പ്പ് സാധ്യമാകൂ എന്നും മന്ത്രി പറഞ്ഞു. ആരോഗ്യമേഖലയിലെ മികവിനുള്ള സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരത്തിന് സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മതിലകം ബ്ലോക്ക് പഞ്ചായത്തിലെ ആരോഗ്യകേന്ദ്രങ്ങളെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരളത്തിലെ ആരോഗ്യ പരിപാലന രംഗത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ആവശ്യകതയെ കുറിച്ച് ബോധ്യം ഉള്ളവരാണ് നമ്മള്‍. അതുകൊണ്ടുതന്നെ ഈ മേഖലയില്‍ കൂടുതല്‍ മുന്നേറ്റം സാധ്യമാക്കേണ്ടത് നമ്മുടെ കടമയാണെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്തിന് കായകല്‍പ്പ് അവാര്‍ഡ് നേടിയെടുക്കാന്‍ സഹായിച്ച എല്ലാ ആരോഗ്യപരിപാലകരെയും സന്നദ്ധപ്രവര്‍ത്തകരെയും ചടങ്ങില്‍ മന്ത്രി ആദരിച്ചു.
2021-22 വര്‍ഷത്തെ കായകല്‍പ്പ് പുരസ്‌ക്കാരത്തിന് മതിലകം ബ്ലോക്കിന് കീഴിലെ പെരിഞ്ഞനം സാമൂഹികാരോഗ്യകേന്ദ്രം 91.29 മാര്‍ക്ക് നേടി സംസ്ഥാന തലത്തിലും 96.75 മാര്‍ക്ക് നേടി മാടവന കുടുംബാരോഗ്യകേന്ദ്രം ജില്ലാതലത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് . ആശുപത്രി പരിപാലനം, ശുചിത്വ പരിപാലനം, പരിസ്ഥിതി സൗഹൃദം, പിന്തുണ സേവനം, മാലിന്യ സംസ്‌കരണം, അണുബാധ നിയന്ത്രണം, ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിന് സമൂഹത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഘടകങ്ങളെ വിലയിരുത്തിയാണ് പുരസ്‌കാരം. ജില്ലയില്‍ ആദ്യമായി ഐ എസ് ഒ 9001 നേടിയ ആദ്യത്തെ സാമൂഹികാരോഗ്യകേന്ദ്രം പെരിഞ്ഞനവും കുടുംബാരോഗ്യകേന്ദ്രം മാടവനയുമാണ്.
ഇ ടി ടൈസണ്‍ മാസ്റ്റര്‍ എം എല്‍ എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ എസ് ജയ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി എം അഹമ്മദ്, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.