കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കാന്‍ ഇടപെടല്‍ ശക്തമാക്കും: മന്ത്രി കെ രാധാകൃഷ്ണന്‍

Update: 2022-08-18 01:25 GMT

തൃശൂര്‍: കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കാനുള്ള ഇടപെടലുകള്‍ ശക്തമാക്കുമെന്ന് പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. ചേലക്കര ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച കര്‍ഷക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിളവെടുക്കുന്ന സമയത്ത് തന്നെ ഉല്‍പ്പന്നങ്ങള്‍ സംഭരിക്കാനും അവ കൃത്യസമയത്ത് സംസ്‌കരിക്കാനും വിതരണം നടത്താനും കഴിയേണ്ടതുണ്ട്. ഇതിനുള്ള ഇടപെടലുകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.

സഹകരണ സംഘങ്ങള്‍, ത്രിതല പഞ്ചായത്തുകള്‍, കര്‍ഷക സംഘങ്ങള്‍ എന്നിവ കൂട്ടിച്ചേര്‍ത്ത് വിപുലമായ സംസ്‌കരണ കേന്ദ്രങ്ങള്‍ ഓരോ പഞ്ചായത്ത് അടിസ്ഥാനത്തിലോ രണ്ടോ മൂന്നോ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചോ ആരംഭിക്കാന്‍ കഴിയണം. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ നിയോജക മണ്ഡല അടിസ്ഥാനത്തില്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓരോ പഞ്ചായത്തിലും ഉല്‍പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഏതാണോ അതുമായി ബന്ധപ്പെട്ട് എന്തൊക്കെ ചെയ്യാന്‍ സാധിക്കും എന്ന കാര്യത്തില്‍ ആലോചനകള്‍ നടത്തുമെന്നും കാര്‍ഷികോല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചുള്ള മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ സാധ്യതകള്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. സെപ്റ്റംബറില്‍ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ കര്‍ഷകരുടെ ഒരു വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കും. കേവലമൊരു ദിനാചരണത്തിനപ്പുറം എന്തുചെയ്യാന്‍ സാധിക്കും എന്നത് ചര്‍ച്ച ചെയ്യും. കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനവും മാന്യതയും കിട്ടാവുന്ന തരത്തിലേക്ക് മേഖലയെ പരിവര്‍ത്തനം ചെയ്യും അദ്ദേഹം വ്യക്തമാക്കി.

ജൈവ കര്‍ഷകയായ ഷീജ ജോസ് കൂമുഴ, മുതിര്‍ന്ന കര്‍ഷകനായ വേലു അടക്കോട്, സമ്മിശ്ര കര്‍ഷകനായ പ്രമോദ് പങ്ങാരപ്പിള്ളി, വനിതാ കര്‍ഷകയായ അംബിക പങ്ങാരപ്പിള്ളി, എസ് സി / എസ് ടി വിഭാഗത്തില്‍ സുരേഷ് കുമാര്‍, കര്‍ഷക തൊഴിലാളി സുന്ദരന്‍, വനിതാ കര്‍ഷക തൊഴിലാളി കാര്‍ത്യായനി, ക്ഷീര കര്‍ഷകന്‍ ഉണ്ണികൃഷ്ണന്‍, യുവകര്‍ഷകന്‍ അരവിന്ദാക്ഷന്‍, തെങ്ങ് കര്‍ഷകന്‍ ഉണ്ണികൃഷ്ണന്‍ നായര്‍, വിദ്യാര്‍ത്ഥി കര്‍ഷകന്‍ നിഖില്‍, പച്ചക്കറി കര്‍ഷകന്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ ആദരം ഏറ്റുവാങ്ങി. വിവിധ പാടശേഖരങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട 16 നെല്‍ക്കര്‍ഷകരെയും ചടങ്ങില്‍ ആദരിച്ചു.

ചേലക്കര നിയോജക മണ്ഡലത്തില്‍ ചേലക്കര, മുള്ളൂര്‍ക്കര, വരവൂര്‍ എന്നീ മൂന്ന് പഞ്ചായത്തുകളില്‍ സംഘടിപ്പിച്ച കര്‍ഷക ദിനാഘോഷമാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. ചേലക്കര ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് എം കെ പദ്മജ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ വിഷ്ണു എസ്, പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്‌റഫ്, പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രശാന്തി, ചേലക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എച്ച് ഷലീല്‍, ജില്ലാ പഞ്ചായത്ത് അംഗം മായ, ജില്ലാ പഞ്ചായത്ത് അംഗം ദീപ എസ് നായര്‍, പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷിജിന ബിനീഷ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാര്‍, വാര്‍ഡ് മെമ്പര്‍മാര്‍, വിവിധ സഹകരണ ബാങ്കുകളുടെ ഭാരവാഹികള്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.

മുള്ളൂര്‍ക്കരയില്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും വിവിധ കാര്‍ഷിക സമിതികളുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. മുള്ളൂര്‍ക്കര കൃഷിഭവനില്‍ നിന്ന് ആരംഭിച്ച കൃഷിദര്‍ശന്‍ വിളംബരജാഥയോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. തുടര്‍ന്ന് പഞ്ചായത്ത് ഇ.എം.എസ് ഹാളില്‍ പ്രസിഡന്റ് ഗിരിജ മേലേടത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മന്ത്രി ഉദ്ഘാടനം ചെയ്തു. മികച്ച കര്‍ഷകരെ യോഗത്തില്‍ ആദരിച്ചു. മുതിര്‍ന്ന കര്‍ഷകനായ രാധാകൃഷ്ണന്‍ വടക്കേപോട്ടയില്‍, ജൈവ കര്‍ഷകനായ പി കെ രാധാകൃഷണന്‍ പൂപ്പറമ്പില്‍, വനിതാ കര്‍ഷക സുജാത മുരളീദാസ്, പട്ടികജാതി കര്‍ഷകന്‍ വേലായുധന്‍ ഷാരത്ത്പടി, നെല്‍ കര്‍ഷക പി കെ കമലം, ക്ഷീര കര്‍ഷക ഷീല പി എഫ്, മത്സ്യ കര്‍ഷകന്‍ മരക്കാര്‍ കുന്നത്ത് പീടികയില്‍, കര്‍ഷക വിദ്യാര്‍ത്ഥി പ്രബീഷ പി ബി എന്നിവര്‍ ആദരം ഏറ്റുവാങ്ങി. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി വി സുനില്‍കുമാര്‍, ജില്ലാ പഞ്ചായത്തംഗം പി സാബിറ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം എ നബീസ, ബ്ലോക്ക് പഞ്ചായത്ത് അംഗം അനില വിജീഷ്, മുള്ളൂര്‍ക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി കെ തങ്കപ്പന്‍, കൃഷി ഓഫീസര്‍ ശരണ്യ കെ എസ്, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, പഞ്ചായത്ത് മെമ്പര്‍മാര്‍, മറ്റു ജനപ്രതിനിധികള്‍ കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.

വരവൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ കാര്‍ഷിക വികസന സമിതി, പാടശേഖര സമിതികള്‍, വരവൂര്‍ സര്‍വ്വീസ് സഹകരണ സംഘം, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ വരവൂര്‍ വനിതാ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ വെച്ചാണ് കര്‍ഷകദിനം ആഘോഷിച്ചത്. കൃഷിദര്‍ശന്‍ വിളംബരജാഥയോടെ ആരംഭിച്ച പരിപാടിയില്‍ വിവിധ കാര്‍ഷിക മേഖലകളില്‍ മികവു തെളിയിച്ച കര്‍ഷകരെ ആദരിച്ചു. മന്ത്രി പരിപാടി ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന കര്‍ഷകനായ കുട്ട്യാലി ഈങ്ങത്ത്, മികച്ച ജൈവകര്‍ഷകന്‍ ബാലകൃഷ്ണന്‍ പി ഐ, മികച്ച സമ്മിശ്ര കര്‍ഷകന്‍ അഷറഫ് അരങ്ങത്തുപറമ്പില്‍, മികച്ച വനിതാ കര്‍ഷക ഫാത്തിമ കെ എസ്, മികച്ച വിദ്യാര്‍ത്ഥി കര്‍ഷക ശ്രേയ ഇ എസ്, മികച്ച പട്ടികജാതി കര്‍ഷകന്‍ രാജന്‍ എന്‍ ബി, മികച്ച യുവകര്‍ഷകന്‍ അന്‍ഷാദ് പി എ, മികച്ച ക്ഷീര കര്‍ഷക രേഖ പി എന്‍, മികച്ച നെല്‍ കര്‍ഷകരായ ഗോപാലകൃഷ്ണന്‍ പി, യൂസഫ്, കന്നുപുറത്ത്, ചന്ദ്രന്‍, പാലത്ത് മുട്ടിക്കല്‍, വിജയകുമാര്‍ സി, സവാദ് ടി എ, സുനീഷ് കെ ബി, ശ്രീദേവി, ചെമ്പത്ത്, അബുബക്കര്‍, തേവത്തുപറമ്പില്‍, ഉണ്ണീന്‍കുട്ടി, പാണഞ്ചിറ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. വരവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി സുനിത അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം പി സാബിറ, വടക്കാഞ്ചേരി ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി ജി ദീപു പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രീതി ഷാജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ ബാബു, കൃഷി ഓഫീസര്‍ വിജിത എ വി വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, പഞ്ചായത്ത് മെമ്പര്‍മാര്‍, മറ്റു ജനപ്രതിനിധികള്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.

Similar News