കാമ്പസുകളില്‍ ലിംഗനീതി ഉറപ്പാക്കാന്‍ ബോധവല്‍ക്കരണത്തിന് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി ആര്‍ ബിന്ദു
കോട്ടയം: പ്രണയത്തിന്റെ പേരില്‍ കോട്ടയത്ത് നടന്ന കോളേജ് വിദ്യാര്‍ത്ഥിനിയുടെ കൊലപാതകം ഗൗരവതരമാണെന്ന് ഉന്നതവിദ്യാഭ്യാസസാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. ലിംഗനീതി ഉറപ്പാക്കാനുള്ള ബോധവല്‍ക്കരണ പരിപാടികള്‍ക്ക് മന്ത്രി അടിയന്തിര നിര്‍ദ്ദേശം നല്‍കി. എല്ലാ സ്ഥാപന മേധാവികള്‍ക്കും ഇക്കാര്യത്തില്‍ നിര്‍ദ്ദേശം നല്‍കുന്ന അടിയന്തിര ഉത്തരവ് പുറപ്പെടുവിക്കാന്‍ മന്ത്രി ഉന്നതവിദ്യാഭ്യാസ അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
ലൈംഗികാതിക്രമങ്ങളും സ്ത്രീ പീഡനങ്ങളും തടയാനുള്ള നിയമങ്ങളും വേദികളും സംബന്ധിച്ച് വിശദമായ വിവരണം ഉള്‍പ്പെടുന്ന ക്‌ളാസുകള്‍ കാമ്പസുകളില്‍ നടക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ഐസിസിയും ജന്‍ഡര്‍ ജസ്റ്റിസ് ഫോറങ്ങളും ഇതിന്റെ സംഘാടനത്തിന് ഉപയോഗിക്കണം. ഒക്ടോബറില്‍ത്തന്നെ ഈ പരിപാടികള്‍ നടക്കണം. ഐസിസി അംഗങ്ങളുടെ പേരുവിവരങ്ങള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കാനും സ്ഥാപനമേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കണം- മന്ത്രി ആവശ്യപ്പെട്ടു.
ആണ്‍കുട്ടികളായാലും പെണ്‍കുട്ടികളായാലും സ്വതന്ത്രമായ ജീവിത തിരഞ്ഞെടുപ്പുകള്‍ക്ക് അവര്‍ക്ക് അവകാശമുണ്ടെന്ന് മന്ത്രി പറഞ്ഞു. പ്രണയത്തകര്‍ച്ചയുടെ പേരില്‍ ഒരാളുടെ ജീവനെടുക്കുന്നതിലേക്ക് നയിക്കപ്പെടുന്നത് ഒട്ടും ആശാസ്യമല്ല. പ്രണയത്തിന്റെ പേരില്‍ കാല്പനികവല്‍ക്കരിച്ച് ഒരിക്കലും ഇതിനെ കണ്ടുകൂടാ. വര്‍ധിച്ചുവരുന്ന ഇത്തരം അതിക്രമ പ്രവണതകളെ ഗൗരവത്തോടെ കണ്ടുകൊണ്ടാണ് ക്യാമ്പസുകളില്‍ ആവശ്യമായ ബോധവല്‍ക്കരണത്തിന് നിര്‍ദ്ദേശം നല്‍കുന്നത് - മന്ത്രി പറഞ്ഞു.