ഹാക്കത്തോണില്‍ ആവേശം നിറച്ച് മന്ത്രി സുനില്‍കുമാര്‍; അടുത്ത ഹാക്കത്തോണ്‍ തിരുവനന്തപുരത്ത്
വിവരസാങ്കേതിക രംഗത്തെ പുതിയ പ്രവണതകളും ആശയങ്ങളും സാങ്കേതിക വിവരങ്ങളും പങ്കുവെക്കാനും കൈമാറാനും സംഘടിപ്പിക്കുന്ന സംഗമമാണ് ഹാക്കത്തോണ്‍
മാള: ഉച്ചച്ചൂടിലും വറ്റാത്ത ഊര്‍ജ്ജത്തോടെയാണ് കൃഷി വകുപ്പുമന്ത്രി വി എസ് സുനില്‍കുമാര്‍ ഹാക്കത്തോണ്‍ വേദിയിലെത്തിയത്. സമൂഹത്തില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന വ്യവസായം എന്ന നിലയ്ക്ക് കാര്‍ഷിക രംഗത്തെ സുസ്ഥിര വികസനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം എടുത്തു പറഞ്ഞു. ഹാക്കത്തോണിലെ തിരഞ്ഞെടുക്കെപ്പട്ട ടീമുകളെ സന്ദര്‍ശിച്ച് അവര്‍ക്ക് സമൂഹത്തിനു നല്‍കാവുന്ന സംഭാവനകളെ കുറിച്ച് ഓര്‍മപ്പെടുത്തി. കാര്‍ഷിക രംഗം സുസ്ഥിരമായി മുന്നോട്ടു കൊണ്ടു പോവാനായാല്‍ അതിനെ പിന്‍പറ്റി സമൂലമായ മാറ്റങ്ങള്‍ മറ്റു രംഗങ്ങളിലും പ്രതീക്ഷിക്കാമെന്നു കൂടി അദ്ദേഹം അഭിപ്രായപ്പെട്ടു. വിവരസാങ്കേതിക രംഗത്തെ പുതിയ പ്രവണതകളും ആശയങ്ങളും സാങ്കേതിക വിവരങ്ങളും പങ്കുവെക്കാനും കൈമാറാനും സംഘടിപ്പിക്കുന്ന സംഗമമാണ് ഹാക്കത്തോണ്‍
ഹാക്കത്തോണില്‍ നിന്ന് ഉയര്‍ന്നു വരുന്ന മികച്ച മാതൃകകള്‍ക്ക് പ്രായോഗിക കാര്‍ഷിക വ്യവസായത്തില്‍ അര്‍ഹിക്കുന്ന പ്രാധിനിധ്യം ലഭിക്കും. തങ്ങളുടെ നൈപുണ്യങ്ങള്‍ സമൂഹത്തില്‍ വരുത്താന്‍ സാദ്ധ്യതയുള്ള മാറ്റങ്ങളെ യുവത്വം തൊട്ടറിയുന്നു. അതു തന്നെയാണ് ഇത്തരം പരിപാടികളുടെ പ്രസക്തിയെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് 15 കഴിഞ്ഞ് ഇവിടെ പങ്കെടുത്ത 30 ടീമുകളേയും ഉള്‍പ്പെടുത്തി ഇതുപോലൊരു ഹാക്കത്തോണ്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. വ്യത്യസ്തമായ വിഷയങ്ങള്‍ കൊടുത്ത് അവരുടെ കഴിവുകള്‍ കാര്‍ഷിക മേഖലയില്‍ പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.