പഴയിടം മോഹനന്‍ നമ്പൂതിരിയെ സന്ദര്‍ശിച്ച് മന്ത്രി വി എന്‍ വാസവന്‍

Update: 2023-01-12 11:20 GMT

കോട്ടയം: കലോല്‍സവ ഭക്ഷണ വിവാദത്തിന് പിന്നാലെ പാചക വിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയെ സന്ദര്‍ശിച്ച് മന്ത്രി വി എന്‍ വാസവന്‍. സിപിഎമ്മിന്റെ ഭവന സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മന്ത്രി ഇന്ന് ഉച്ചയോടെ പഴയിടത്തിന്റെ കുറിച്ചിത്താനത്തെ വീട്ടിലെത്തിയത്. പഴയിടത്തിന് പിന്തുണയറിയിച്ച വി എന്‍ വാസവന്‍, സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് വ്യക്തമാക്കി. മനുഷ്യനന്‍മയും ധാര്‍മികതയും ഉയര്‍ത്തിപ്പിടിക്കുന്ന ആളാണ് പഴയിടമെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാരുമായോ വിദ്യാഭ്യാസ വകുപ്പുമായോ അദ്ദേഹത്തിന് പിണക്കമില്ലെന്നും കലോത്സവത്തിലേക്ക് തിരിച്ച് വരുന്ന കാര്യത്തില്‍ നല്ല മനസ്സോടെ ചിന്തിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാരിന്റെ പ്രതിനിധിയായിട്ടല്ല വാസവന്റെ സന്ദര്‍ശനത്തെ കാണുന്നതെന്ന് പഴയിടം ഇതുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിച്ചു. ഒരു ജ്യേഷ്ഠ സഹോദര ബന്ധത്തിന്റെ ഭാഗമായിട്ടാണ് അദ്ദേഹം വന്നത്. അതിനെ സര്‍ക്കാരിന്റെ പ്രതിനിധിയായി കാണുന്നില്ല. 'എനിക്ക് ചെറിയ ആശങ്കകളുണ്ടായി. അതിനെക്കുറിച്ച് സംസാരിച്ചു. തീരുമാനത്തിലേക്കെത്താന്‍ കുറച്ച് സമയമെടുക്കും' പഴയിടം പറഞ്ഞു.

Tags:    

Similar News