ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: ഹൈക്കോടതിയില്‍ എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍ പുനപ്പരിശോധനാ ഹരജി നല്‍കി
കൊച്ചി: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച കേരള ഹൈക്കോടതി വിധി പുനപ്പരിശോധിക്കാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍ സംസ്ഥാന കോര്‍ഡിനേറ്ററും മലബാര്‍ പോളിടെക്‌നിക് കോളജിന്റെ പ്രിന്‍സിപ്പലുമായ അന്‍വര്‍ സാദത്താണ് ഹരജി നല്‍കിയത്.
സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്ന മുസ് ലിം വിദ്യാര്‍ത്ഥികള്‍ക്കു നല്‍കിക്കൊണ്ടിരുന്ന മെറിറ്റ് സ്‌കോളര്‍ഷിപ്പ് അവരുടെ വാദം കേള്‍ക്കുകപോലും ചെയ്യാതെയാണ് പൊതുതാല്‍പര്യ ഹരജി പരിഗണിച്ച് ഹൈക്കോടതി റദ്ദാക്കിയതെന്ന് ഹരജിക്കാരന്‍ ആരോപിച്ചു.
മുസ് ലിം വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതി സച്ചാര്‍, പാലൊളി കമ്മിറ്റികളുടെ ശുപാര്‍ശപ്രകാരമാണ് നടപ്പാക്കിയത്. കേരളത്തിലെ മുസ് ലിംസമുദായം സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നിലാണെന്ന് രണ്ട് കമ്മിറ്റികളും വിലയിരുത്തിയിരുന്നു.
ഇത്തരം പിന്നാക്കാവസ്ഥകള്‍ പരിഹരിക്കാന്‍ ചില നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നു. അതിന്റെ ഭാഗമായിരുന്നു മുസ് ലിം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ ന്യൂനപക്ഷ പദവിയുടെ പേരിലാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതെന്ന് കോടതി തെറ്റിദ്ധരിക്കുകയായിരുന്നു. ഇപ്പോള്‍ വന്നിട്ടുള്ള വിധി കേരളത്തിലെ മുസ് ലിം സമുദായത്തെ സംബന്ധിച്ചിടത്തോളം വലിയ സങ്കീര്‍ണതകള്‍ക്ക് കാരണമാവുമെന്ന് ഹരജിക്കാരന്‍ ആരോപിക്കുന്നു. രാജേന്ദര്‍ സച്ചാര്‍ നിര്‍ദേശങ്ങളുടെ ആനുകൂല്യം ലഭിക്കാനുള്ള സാധ്യതയും ഇതില്ലാതാക്കും.
ഇന്ദ്രാ സാഹ്നി കേസിലെ സുപ്രിംകോടതിയുടെ 9 അംഗ ബെഞ്ചിന്റെ വിധിയുടെ തെറ്റായ വ്യാഖ്യാനമാണ് ഹൈക്കോടതി വിധിയെന്നു മാത്രമല്ല, ഇന്ത്യന്‍ ഭരണഘടനയുടെ അന്തസ്സത്തക്ക് എതിരുമാണ്. വസ്തുതകള്‍ വേണ്ട വിധം പരിശോധിക്കാതെയാണ് വിധി പ്രസ്താവിച്ചിരിക്കുന്നതെന്നും ഹരജിക്കാരന്‍ ആരോപിച്ചു.
അഡ്വ. പി കെ ഇബ്രാഹിം, പി ചന്ദ്രശേഖര്‍, കെ പി മുഹമ്മദ് ജലീല്‍, എം പി അബ്ദുള്‍ ലത്തീഫ് എന്നിവരാണ് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരാകുന്നത്.