തൃക്കാക്കരയില്‍ ഒരു വിഭാഗം ന്യൂനപക്ഷ വോട്ടുകള്‍ ഇടതുപക്ഷത്തിന് ലഭിച്ചില്ല: കോടിയേരി ബാലകൃഷ്ണന്‍

രാഹുലിന്റെ ഓഫിസ് തകര്‍ത്തത് അപലപനീയം. പക്ഷേ, മുഖ്യമന്ത്രിയെ വിമാനത്തില്‍ അക്രമിക്കാന്‍ ശ്രമിച്ചതിനെ തള്ളിപ്പറയാന്‍ യുഡിഎഫ് നേതാക്കള്‍ തയ്യാറാവാത്തത് കാണാതിരിക്കാന്‍ കഴിയില്ല

Update: 2022-06-26 07:19 GMT

തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഒരു വിഭാഗം ന്യൂനപക്ഷ വോട്ട് ഇടതുപക്ഷത്തിന് ലഭിച്ചില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം സംസ്ഥാന കമ്മിറ്റിക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി. എസ്ഡിപിഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും യുഡിഎഫിന് വേണ്ടി പ്രവര്‍ത്തിച്ചു. ഇത് ഒരു വിഭാഗം ന്യൂനപക്ഷ വോട്ടുകള്‍ ഇടതുമുന്നണിക്ക് ചോരാന്‍ ഇടയാക്കി. തൃക്കാക്കരയില്‍ ഇടതുപക്ഷ വിരുദ്ധ ഐക്യം രൂപപ്പെട്ടിരുന്നു. അവിടെ ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കാനാണ് സംഘപരിവാര്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് സേവനപ്രവര്‍ത്തനങ്ങളുമായി കേരളത്തിലെ ആദിവാസി-മല്‍സ്യത്തൊഴിലാളി വിഭാഗങ്ങളിലേക്ക് ഇറങ്ങുന്നുണ്ട്. ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗത് കഴിഞ്ഞ മാസങ്ങളില്‍ കേരളത്തില്‍ ചില കാംപുകളില്‍ പങ്കെടുത്തിരുന്നു. വര്‍ഗീയ ചേര്‍തിരുവുണ്ടാക്കാനും ക്ഷേത്രങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാനും അവര്‍ ശ്രമിക്കുകയാണ്. ആര്‍എസ്എസിന്റെ ഈ നീക്കള്‍ക്കെതിരേ എന്ന രൂപത്തില്‍ ചില മുസ്‌ലിം വിഭാഗങ്ങളും ആശയപ്രചരണം നടത്തുന്നുണ്ട്. ഇത് മത നിരപേക്ഷതയെ തകര്‍ക്കും. ഈ ശ്രമങ്ങള്‍ക്കെതിരേ ഇടതു മുന്നണി പ്രചാരവേല സംഘടിപ്പിക്കേണ്ടതുണ്ട്.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമണം അത്യന്തം അപലപനീയമാണ്. എന്തെല്ലാം പ്രകോപനങ്ങളുണ്ടായാലും അക്രമം പാടില്ലായിരുന്നു. ഇത് ഇടതുപക്ഷത്തെ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്താന്‍ ഇടയാക്കും. മുഖ്യമന്ത്രിയും പാര്‍ട്ടി ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയും സംഭവത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്. എന്നാല്‍, മുഖ്യമന്ത്രിയെ വിമാനത്തില്‍ അക്രമിക്കാന്‍ ശ്രമിച്ചതിനെ അപലപിക്കാന്‍ യുഡിഎഫ് നേതാക്കള്‍ തയ്യാറാവാത്തത് കാണാതിരിക്കാന്‍ കഴിയില്ല.

വയനാട്ടില്‍ ദേശാഭിമാനി ഓഫിസ് ആക്രമിച്ച സംഭവത്തില്‍ പ്രതിപക്ഷ നേതാവിന്റെ നിലപാട് ശരിയാണോ എന്ന് പരിശോധിക്കണം. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമത്തില്‍ പങ്കെടുത്തു എന്ന ആക്ഷേപമുയര്‍ന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ സ്റ്റാഫിനെ മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.

ബഫര്‍ സോണ്‍ വിഷയത്തില്‍ വേണമെങ്കില്‍ നിയമനിര്‍മാണം നടത്തും. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനം.

എസ്എഫ്‌ഐയെ ഭീകരസംഘടനയായി ചിത്രീകരിക്കുന്നത് ശരിയല്ല. 36 എസ്എഫ്‌ഐ പ്രവര്‍ത്തകരെയാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ വകവരുത്തിയിട്ടുള്ളത്.

പ്രതിഷേധ പരിപാടികളില്‍ നിയന്ത്രണം വേണമെന്നാണ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുള്ളതെന്നും ഇനി പാര്‍ട്ടി പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ഒരു തരത്തിലുള്ള നീക്കവും ഉണ്ടാകില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

Tags:    

Similar News