സിഎസ് സികള്‍ക്കെതിരെയുള്ള കുപ്രചാരണം: ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി

Update: 2022-12-15 11:08 GMT


കണ്ണൂര്‍: സിഎസ്സി എന്ന പേരില്‍ അറിയപ്പെടുന്ന കോമണ്‍ സര്‍വീസ് സെന്ററുകള്‍ക്കെതിരേ ജില്ലയില്‍ നടക്കുന്ന കുപ്രചാരണങ്ങള്‍ക്കെതിരേ പ്രതിഷേധം. അക്ഷയ കേന്ദ്രങ്ങളോട് ഉപമിച്ചാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകൃത ജനകീയ സേവനസംരംഭമായ സിഎസ്സികള്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നതില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ സി.എസ്.സി വി.എല്‍.ഇ സൊസൈറ്റി ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും നിവേദനം നല്‍കാനും കണ്ണൂര്‍ ജില്ലാ സി.എസ്.സി വി.എല്‍.ഇ സൊസൈറ്റി യോഗം തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഐടി ഡിപ്പാര്‍ട്ട്‌മെന്റിനു കീഴില്‍ രാജ്യവ്യാപകമായി പ്രവര്‍ത്തിക്കുന്ന ഏകീകൃത സംവിധാനമാണ് സി.എസ്.സി. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളും സേവനങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ സി.എസ്.സി കള്‍ മുഖ്യപങ്ക് വഹിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കേരളത്തില്‍ ഒരു കുടുംബത്തിലെ ഒരാള്‍ക്ക് ഡിജിറ്റല്‍ സാക്ഷരത സൗജന്യമാണ്. പിഎം കിസാന്‍ സമ്മാന്‍ നിധി, പിഎം കിസാന്‍ ഇന്‍ഷൂറന്‍സ്, ജീവന്‍ പ്രമാണ്‍, അസംഘടിത തൊഴിലാളി രജിസ്‌ട്രേഷനായ ഇ ശ്രം, പാന്‍കാര്‍ഡ്, പാസ്‌പോര്‍ട്ട്, ബാങ്കിംഗ് സര്‍വീസ് തുടങ്ങിയവയുടെ അംഗീകൃത കേന്ദ്രം കൂടിയായ സി.എസ്.സി സെന്ററുകള്‍ കൂടുതല്‍ ജനകീയമാകുന്നതാണ് കുപ്രചാരണത്തിന് പിന്നിലെ ചേതോവികാരമെന്നാണ് അനുമാനം. ജില്ലാ ഭരണകൂടങ്ങളുടെ കീഴില്‍ ഇക്കണോമിക് സര്‍വ്വേ രാജ്യത്ത് എമ്പാടും വിജയകരമായി നടത്തിയതും വിവിധ പെന്‍ഷന്‍ സേവനങ്ങളും ആധാര്‍ സര്‍വ്വീസും അടക്കം സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ചതും സി.എസ്.സികളുടെ പങ്കാളിത്തത്തിലൂടെയാണ്. ജനസേവനകേന്ദ്രം എന്ന പേരില്‍ ദിവസവും ഉണ്ടാകുന്ന വ്യാജ കേന്ദ്രങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ല. പെന്‍ഷന്‍ മസ്റ്ററിങ്, റേഷന്‍ കാര്‍ഡ് സേവനങ്ങള്‍ തുടങ്ങിയ പല പ്രവര്‍ത്തനങ്ങളും സി.എസ്.സി സെന്ററുകളില്‍ ചെയ്യുന്നത് അപകടമാണെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് ഒരു വിഭാഗം സമൂഹമാധ്യമങ്ങളിലൂടെ ചെയ്യുന്നത്. കേരളത്തില്‍ അക്ഷയകേന്ദ്രങ്ങള്‍ക്കും സി.എസ്.സി ഐഡിയുണ്ട്. അതിലൂടെ ഇ ശ്രം, കിസാന്‍ സമ്മാന്‍ നിധി തുടങ്ങിയ പല സേവനങ്ങളും നല്‍കിവരുന്നുണ്ട്. പക്ഷേ, കേരളത്തില്‍ മാത്രം സി.എസ്.സി സെന്ററുകള്‍ക്കെതിരെ വ്യാജ പ്രചരണങ്ങള്‍ ശക്തമാണ്. അക്ഷയകള്‍ക്ക് പകരമല്ല സി.എസ്.സി. കാരണം അക്ഷയകള്‍ സര്‍ട്ടിഫിക്കറ്റ് സര്‍വ്വീസുകള്‍ മുഖ്യമായി ചെയ്യുമ്പോള്‍ സി.എസ്.സികള്‍ എണ്ണിയാല്‍ തീരാത്ത സര്‍ക്കാര്‍ പദ്ധതികളും സേവനങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ടെന്നും യോഗം പ്രസ്താവനയില്‍ അറിയിച്ചു. കണ്ണൂര്‍ ജില്ല സി.എസ്.സി ഓഫീസില്‍ നടന്ന യോഗത്തില്‍ പ്രസിഡണ്ട് പ്രജീഷ് കെ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സുരാഗ് കെ സ്വാഗതം പറഞ്ഞു. വി.എല്‍.ഇ കെ മിക്ദാദ് നന്ദി പറഞ്ഞു.

Similar News