ഭുവനേശ്വര്‍: ഒഡീഷയില്‍ കാണാതായ വനിതാ ക്രിക്കറ്റ് താരം രാജശ്രീ സ്വെയ്‌നെ (26) വെള്ളിയാഴ്ച വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കട്ടക്ക് ജില്ലയിലെ നിബിഡ വനത്തിനുള്ളിലെ മരത്തില്‍ ജീവനൊടുക്കിയ നിലയിലാണ് കണ്ടെത്തിയതെന്ന് പോലിസ് അറിയിച്ചു. ജനുവരി 11നാണ് യുവതിയെ കാണാതായത്. ഇവരുടെ സ്‌കൂട്ടര്‍ വനത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലിസ് കേസെടുത്തു.
അത്ഗഢ് പ്രദേശത്തെ ഗുരുദിജാട്ടിയ വനത്തില്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും മരണത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ പിനാക് മിശ്ര പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് സ്വെയിനിന്റെ മരണകാരണം വ്യക്തമാവുമെന്നും മിശ്ര കൂട്ടിച്ചേര്‍ത്തു. പുതുച്ചേരിയില്‍ നടക്കാനിരിക്കുന്ന ദേശീയ തല ടൂര്‍ണമെന്റിനായി ഒഡിഷ ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിശീലന ക്യാംപില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പുരി ജില്ലയില്‍ നിന്നുള്ള ക്രിക്കറ്റ് താരം സ്വെയ്ന്‍.
ടൂര്‍ണമെന്റിനായി തിരഞ്ഞെടുത്ത 16 അംഗ ടീമില്‍ ഇടം നേടുന്നതില്‍ രാജശ്രീ പരാജയപ്പെട്ടിരുന്നു. ടീം അംഗങ്ങളുടെ പേരുകള്‍ പ്രഖ്യാപിച്ചതിന് ശേഷം ബുധനാഴ്ച വൈകുന്നേരം അവള്‍ കരയുന്നത് കണ്ടെന്നും താമസിയാതെ ഞങ്ങള്‍ എല്ലാവരും പരിശീലന സെഷനില്‍ പങ്കെടുത്ത ഹോട്ടലില്‍ നിന്ന് കാണാതാവുകയായിരുന്നുവെന്നും സ്വെയിനിന്റെ റൂംമേറ്റ് പ്രതികരിച്ചു. സൈ്വനെ ഫോണില്‍ ബന്ധപ്പെടാനാവാത്തതിനെ തുടര്‍ന്ന് കട്ടക്ക് നഗരത്തിലെ പ്രാദേശിക മംഗളബാഗ് പോലിീസ് സ്‌റ്റേഷനില്‍ കോച്ച് പുഷ്പാഞ്ജലി ബാനര്‍ജി പരാതി നല്‍കി. ശരീരത്തില്‍ മുറിവേറ്റ പാടുകളും കണ്ണുകള്‍ക്ക് കേടുപാടുകളും സംഭവിച്ചതിനാല്‍ സംഭവം കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചു.