സംവിധായകന്റെ പേരില്‍ അക്ഷരത്തെറ്റ്; ഗോവ ചലച്ചിത്രമേളയില്‍ നിന്ന് ബംഗാള്‍ വിദ്യാഭ്യാസ മന്ത്രിയുടെ സിനിമ ഒഴിവാക്കി

Update: 2021-11-12 17:16 GMT

കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാരിലെ രാഷ്രീയ നേതൃത്വത്തിന് ഇഷ്ടമില്ലാത്തവരെ ഏതെങ്കിലും രംഗത്തുനിന്ന് ഒഴിവാക്കുക അത്ര പുതിയ കാര്യമൊന്നുമല്ല. അങ്ങനെ ഒഴിവാക്കുമ്പോള്‍ മെച്ചപ്പെട്ട ഒരു കാരണം പറയുകയാണ് പതിവ്. വിചിത്രവും നിസ്സാരവുമായ ഒരു കാരണം പറഞ്ഞുകൊണ്ട് അത് ചെയ്യുന്നത് പക്ഷേ, പുതിയ കാര്യമാണ്. പശ്ചിമ ബംഗാള്‍ വിദ്യാഭ്യാസ മന്ത്രിയും പ്രശസ്ത സിനിമാ പ്രവര്‍ത്തകനുമായ ബ്രത്യ ബസുവിന്റെ അനുഭവം അതുപോലൊന്നാണ്. അദ്ദേഹത്തിന്റ ചിത്രം പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ പിലിം ഫെഡറേഷന്‍ അയച്ച കത്തില്‍ സംവിധായകനായി ചേര്‍ത്ത 'ബ്രത്യ ബസു'വിന്റെ പേര് 'ഡ്രത്യ ബസു' എന്ന് തെറ്റായി എഴുതിയതുകൊണ്ടാണ് ഒഴിവാക്കിയത്. തെറ്റുവരുത്തിയതില്‍ സിനിമയുമായി ബന്ധപ്പെട്ട ഒരാള്‍ക്കുപോലും പങ്കുമില്ല.

നവംബര്‍ 20-28 തിയ്യതികളില്‍ നടക്കാനിരിക്കുന്ന ഐഎഫ്എഫ്‌ഐയുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ നിന്നാണ് ബ്രത്യ ബസുവിന്റെ ചിത്രം ഒഴിവാക്കിയത്. നവംബര്‍ 22ന് രാവിലെ പത്തിന് പനാജിയിലെ ഓഡിറ്റോറിയത്തില്‍ സിനിമ പ്രദര്‍ശിപ്പിക്കുമെന്ന അറിയിപ്പ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് ലഭിച്ച ശേഷമാണ് പ്രദര്‍ശിപ്പിക്കുന്ന സിനിമയുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. ഒഴിവാക്കിയ കാര്യം അറിയിക്കുകയും ചെയ്തില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ, ചലച്ചിത്ര മേള അധികൃതര്‍ക്കെഴുതിയ കത്തില്‍ സംവിധായകന്റെ പേരില്‍ 'ബി' എന്നിടത്ത് 'ഡി' എന്ന് പ്രയോഗിച്ചതാണ് ഒഴിവാക്കാന്‍ കാരണമെന്ന് അറിയുന്നത്. അതേസമയം ഒഴിവാക്കിയ കാരണം ഇതുവരെ അണിയറപ്രവര്‍ത്തകരെ അറിയിച്ചിട്ടുമില്ല. പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ച വിവരം നേരത്തെ അറിയിച്ചിരുന്നു.

ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്കാണ് അദ്ദേഹത്തിന്റെ ഡിക്ഷ്ണറി എന്ന ചിത്രം തിരഞ്ഞെടുത്തത്.

2011 മുതല്‍ മമത മന്ത്രിസഭയിലെ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന ബസു അറിയപ്പെടുന്ന സിനിമാസംവിധായകനും തിരക്കഥാകൃത്തും നാടകപ്രവര്‍ത്തകനുമാണ്. ഇരുപതില്‍ കൂടുതല്‍ സിനിമയില്‍ അഭിനയിച്ചു. നാലോളം സിനിമകള്‍ സംവിധാനം ചെയ്തു.

നവംബര്‍ 5നാണ് ചലച്ചിത്ര മേളയുടെ അഡീഷണല്‍ ഡയറക്ടര്‍ ചൈതന്യപ്രസാദ് സിനിമ ഉള്‍പ്പെടുത്തിയ കാര്യം എഴുതി അറിയിച്ചത്. അതിനുശേഷമാണ് കാര്യങ്ങള്‍ മാറിമറഞ്ഞത്.

ഡല്‍ഹിയിലെ രാഷ്ട്രീയനേതൃത്വത്തിന്റെ താല്പര്യമനുസരിച്ചാണെന്ന് സിനിമ ഒഴിവാക്കിയതെന്ന് ബസു പറഞ്ഞു.

തൃണമൂല്‍ ലോക് സഭാ എംപി എം പി നസ്രത് ജഹാന്‍ ആണ് സിനിമയിലെ നായിക. അബിര്‍ ചാറ്റര്‍ജി, ബുദ്ധദേബ് ഗുഹ, ബാബ ഹോയ തുടങ്ങിയവരും അഭിനയിച്ചു. 

സിനിമ ഒഴിവാക്കിയ കാര്യം മേളയുടെ അധികൃതര്‍ ഇതുവരെ അറിയിച്ചിട്ടില്ലെന്ന് ഫിലം ഫെഡറേഷനിലെ ഫിര്‍ദസുല്‍ ഹസന്‍ പറഞ്ഞു. പനോരമയില്‍ ഉള്‍പ്പെടുത്തി 25 ചിത്രങ്ങളില്‍ ഡിക്ഷണറി കാണാതായതോടെയാണ് ഫെഡറേഷനും കാരണമന്വേഷിച്ചത്. ചലച്ചിത്ര മേളാ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Tags:    

Similar News