എംഎല്‍എ ഇടപെട്ടു: മാളയില്‍ പാടശേഖരത്തിലേക്കുള്ള വഴി പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ചു നല്‍കും
മാള: വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എയുടെ ഇടപെടലിലൂടെ രണ്ട് കുടുംബങ്ങള്‍ക്കും പാടശേഖരങ്ങളിലേക്കും പൊതുമരാമത്ത് വഴി നിര്‍മിച്ചു നല്‍കുന്നു. പൊതു പ്രവര്‍ത്തകന്‍ മാള പള്ളിപ്പുറം സ്വദേശി ഷാന്റി ജോസഫ് തട്ടകത്ത് എംഎല്‍എക്ക് നല്‍കിയ പരാതിയിലാണ് പരിഹാരം കണ്ടെത്തിയത്. പൂപ്പത്തി റോഡ് ബിഎംബിസി നിലവാരത്തില്‍ ഉയര്‍ത്തി റോഡിന്റെ പാര്‍ശ്വഭിത്തി ഉയര്‍ത്തി കെട്ടിയതുമൂലം വിട്ടിലേക്ക് കാല്‍നടയായി പോലും ഇറങ്ങാന്‍ കഴിയാതെ ബുദ്ധിമുട്ടിയ രണ്ട് കുടുംബത്തിനും തെക്കെ പൂപ്പത്തി റോഡിന്റെ ഇരുവശവുമുള്ള പാടശേഖരങ്ങളിലേക്കും ട്രാക്ടര്‍ ഇറക്കുന്നതിനുള്ള റാമ്പുകളടക്കമാണ് പൊതുമരാമത്ത് നിര്‍മിച്ചു നല്‍കുക. ഇതുസംബന്ധിച്ച കത്ത് പരാതിക്കാരനായ ഷാന്റി ജോസഫ് തട്ടകത്തിന് ലഭിച്ചു.
സാധാരണ റോഡിന്റെ പാര്‍ശ്വഭിത്തി നിര്‍മാണം മൂലം യാത്രാതടസ്സം നേരിടുന്നവര്‍ക്ക് റാമ്പ് നിര്‍മ്മിച്ചു നല്‍കുകയാണ് പതിവ്. എന്നാല്‍ നിയമതടസ്സം പറഞ്ഞ് പൊതുമരാമത്ത് വകുപ്പ് റാമ്പ് നിര്‍മിച്ചു നല്‍കുന്നത് ഒഴിവാക്കി. ഇതുമൂലം റോഡിന്റെ പാര്‍ശ്വഭിത്തി നിര്‍മാണം പൂര്‍ത്തികരിക്കാതിരുന്നതുമാണ് പരാതിക്ക് വഴിയൊരുക്കിയത്.
മാള പുപ്പത്തി റോഡിന്റെ പാര്‍ശ്വഭിത്തി നിര്‍മിക്കുന്നതിന് രണ്ട് കരാറുകളിലായി 84 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതോടെ ആശങ്കയിലായ കുടുംബങ്ങള്‍ക്കും കര്‍ഷകര്‍ക്കും ആശ്വാസമായിരിക്കയാണ്.