യാത്രക്കാരുടെ നടുവൊടിക്കുന്നറോഡുകളുമായി പൊതുമരാമത്ത് വകുപ്പ്

Update: 2022-07-27 12:43 GMT

മാള: കൊടുങ്ങലൂര്‍ നിയോജക മണ്ഡലത്തിലെ ഏറ്റവും തിരക്കേറിയ റോഡാണ് മേലഡൂര്‍- അന്നമനട പുവ്വത്തുശ്ശേരി റോഡ് തകര്‍ന്നുകിടന്നിട്ട് നാളുകളായി. ഇത്രയും ഭാഗത്തെ നിലവിലുള്ള റോഡിന്റെ അവസ്ഥ വളരെ ദയനീയമാണ്. റോഡിന്റെ ഇരുവശവും കാട് പിടിച്ച് കുണ്ടും കുഴിയും നിറഞ്ഞ് ഇരുചക്ര വാഹനങ്ങള്‍ക്ക് പോലും പോകാന്‍ പറ്റാത്ത അവസ്ഥയായിരിക്കയാണ്.

പലഭാഗങ്ങളിലും അനധികൃത കൈയേറ്റങ്ങളുമുണ്ട്. പതിനഞ്ച് വര്‍ഷം മുമ്പ് ടി എന്‍ പ്രതാപന്‍ എം എല്‍ എയുടെ ശ്രമഫലമായി ആധുനിക നിലവാരത്തില്‍ പണിത ഈ റോഡ് ഇന്ന് ആര്‍ക്കും വേണ്ടാത്ത അവസ്ഥയാണ്.

പുളിക്കക്കടവ് പാലം മുതല്‍ അന്നമനട ജംഗ്ഷന്‍ വരെയുള്ള റോഡും തകര്‍ന്നുകിടക്കുകയാണ്. ഒട്ടേറെ വാഹനങ്ങളും യാത്രക്കാരും വന്നുപോകുന്ന ജനസാന്ദ്രതയുള്ള ഭാഗത്തെ റോഡിന്റെ തര്‍കര്‍ച്ച വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. താല്‍ക്കാലിക പരിഹാരം എന്ന നിലയില്‍ കുഴികളില്‍ പലതും അടക്കുന്നുണ്ടെങ്കിലും വീണ്ടും ടാര്‍ചെയ്യുകയോ ടൈല്‍സ് പാകുകയോ വേണമെന്നാണ് ആവശ്യം.

അന്നമനട ജംഗ്ഷനെ ബന്ധിപ്പിക്കുന്ന റോഡുകളുടെ കുറേ ഭാഗങ്ങളില്‍ ബിഎംബിസി ടാര്‍ ചെയ്തും കട്ടപാകിയും ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്. ശേഷിക്കുന്ന ഭാഗത്തെ തകര്‍ച്ചക്കാണ് പരിഹാരം കാണേണ്ടത്. അന്നമനട സെന്ററിനോട് അനുബന്ധിച്ചുള്ള വിവിധ സ്ഥാപനങ്ങള്‍, ക്രിസ്ത്യന്‍ ചര്‍ച്ച്, കോണ്‍വെന്റ്, സ്‌കൂളുകള്‍, വിവിധ ബാങ്കുകള്‍, കൃഷി ഭവന്‍, മുസ് ലിം പള്ളികള്‍, ട്രഷറി, പോസ്റ്റ് ഓഫിസ്, ഗവണ്മെന്റ് ഹോമിയോ, സപ്ലൈക്കോ, ജില്ലാ സഹകരണ ബാങ്ക്, ഗവണ്മെന്റ് ആയുവര്‍വേദ ഹോസ്പിറ്റല്‍, ഡെന്റല്‍ ക്ലിനിക്കുകള്‍, എ ടി എമ്മുകള്‍, പ്രൈവറ്റ് ഫിനാന്‍സ് സ്ഥാപനങ്ങള്‍, പഞ്ചായത്ത് ബസ് സ്റ്റാന്റ്, അമ്പലങ്ങള്‍, സബ് രജിസ്ട്രാര്‍ ഓഫിസ്, വിലേജ് ഓഫിസ്, ഗ്രാമപഞ്ചായത്ത് ഓഫിസ്, അന്നമനട സര്‍വ്വീസ് സഹകരണ ബാങ്ക്, പെട്രോള്‍ പമ്പ്, ഹോസ്പിറ്റല്‍, മെഡിക്കല്‍ ലാബോറട്ടറികള്‍ തുടങ്ങിയവയിലേക്കുള്ള ആളുകള്‍ വളരെയേറെ ദുരിതം അനുഭവിച്ചാണ് യാത്ര ചെയ്യുന്നത്.

ഗ്രാമപ്പഞ്ചായത്ത് ഉള്‍പ്പെടെ പല പ്രാദേശിക സര്‍ക്കാര്‍ സംവിധാനങ്ങള്‍ കേന്ദ്രീകരിച്ചുള്ള റോഡിന്റെ സംരക്ഷണം അടിയന്തരമായി മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് ഗ്രാമപ്പഞ്ചയത്ത് പ്രസിഡന്റ് പി വി വിനോദ് അറിയിച്ചു. കൊടുങ്ങല്ലൂര്‍- മൂഴിക്കുളം- മാള റോഡിന്റെ ടാറിടലിനോടനുബന്ധിച്ച് പുളിക്കക്കടവ് പാലം വരെയുള്ള ബിഎംബിസി ഓവര്‍ലാപ്പിംഗിനുള്ള സാധ്യതയാണ് പരിഗണിക്കുന്നതെന്ന് പ്രസിഡന്റ് അറിയിച്ചു.

Tags:    

Similar News