പൗരത്വ പട്ടിക: നട്ടാല്‍ കിളിര്‍ക്കാത്ത കള്ളവുമായി മോദി സര്‍ക്കാരിന്റെ പത്രപ്പരസ്യം
യഥാര്‍ത്ഥത്തില്‍ ദേശീയ തലത്തില്‍ പൗരത്വപട്ടിക തയ്യാറാക്കുമെന്ന് അമിത് ഷാ പറഞ്ഞിട്ടില്ലേ? ഉണ്ട് എന്നാണ് യാഥാര്‍ത്ഥ്യം.
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധം രൂക്ഷമായതോടെ അതിനെ തണുപ്പിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാരും തുടങ്ങി. ഒരു ഭാഗത്ത് പ്രതിഷേധക്കാരെ വെടിവച്ചുകൊന്നും സമരങ്ങള്‍ നിയമവിരുദ്ധമായി പ്രഖ്യാപിച്ചും പ്രക്ഷോഭകരെ അടിച്ചൊതുക്കിയുമാണ് അത് പുരോഗമിക്കുന്നത്. അതിന്റെ ഭാഗമായി മോദി സര്‍ക്കാര്‍ ഹിന്ദി, ഉറുദു പത്രങ്ങളില്‍ ഇന്നലെ ഏതാനും പരസ്യങ്ങള്‍ പ്രസിദ്ധപ്പെടുത്തി. അതില്‍ ഒരു പരസ്യത്തില്‍ പറയുന്നത് ദേശീയ തലത്തില്‍ പൗരത്വപട്ടിക കൊണ്ടുവരാനുള്ള തീരുമാനമുണ്ടെന്നത് കുപ്രചരണമാണെന്നാണ്. ഇനി ഭാവിയില്‍ അത് വരികയാണെങ്കില്‍ ഇന്ത്യന്‍ പൗരന്മാര്‍ പട്ടികയില്‍ നിന്ന് പുറത്തുപോവാത്തരീതിയിലായിരിക്കും അത് തയ്യാറാക്കുകയെന്നും പത്രപരസ്യം പറയുന്നു.
യഥാര്‍ത്ഥത്തില്‍ ദേശീയ തലത്തില്‍ പൗരത്വപട്ടിക തയ്യാറാക്കുമെന്ന് അമിത് ഷാ പറഞ്ഞിട്ടില്ലേ? ഉണ്ട് എന്നാണ് യാഥാര്‍ത്ഥ്യം.
രാജ്യത്ത് പൗരത്വ പട്ടിക കൊണ്ടുവരുമെന്ന് അമിത് ഷാ നിരവധി തവണ പറഞ്ഞിട്ടുണ്ട്, അതും പലയിടങ്ങളിലായി. ഡിസംബര്‍ 9 ാം തിയ്യതി പൗരത്വബില്ലിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടും അമിത് ഷാ അത് പറയുകയുണ്ടായി. ഇത് കഴിഞ്ഞാല്‍ പൗരത്വ പട്ടിക വരുന്നുണ്ടെന്നാണ് അദ്ദേഹം ഭീഷണിമുഴക്കിയത്.
എന്‍ആര്‍സി ഹിന്ദുക്കള്‍ക്ക് ബാധകമാകില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. പശ്ചിമ ബംഗാളില്‍ ഏപ്രില്‍ 11 ന് ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം അത് വ്യക്തമാക്കുകയുണ്ടായി. നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി വരികയാണെങ്കില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യത്താകമാനം നടപ്പാക്കും. ഓരോ നുഴഞ്ഞുകയറ്റക്കാരനെയും പുറത്താക്കും. ഹിന്ദുക്കളെയും ബുദ്ധന്മാരെയും കണ്ടെത്തി അവര്‍ക്ക് പൗരത്വം നല്‍കും.
ഇതേ കാര്യം ഒരു ട്വീറ്റിലൂടെ ബിജെപിയും വ്യക്തമാക്കുകയുണ്ടായി. രാജ്യത്താകമാനം പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്ന് ആ ട്വീറ്റില്‍ പറയുന്നു. ബുദ്ധരും ഹിന്ദുക്കളും സിക്കുകാരമല്ലാത്ത എല്ലാ നുഴഞ്ഞുകയറ്റക്കാരനെയും പുറത്താക്കുകയും ചെയ്യും- ബിജെപി 4 ഇന്ത്യ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ഈ കുറിപ്പ് വന്നത്. ഇപ്പോള്‍ ആ ട്വീറ്റ് ഡിലീറ്റ് ചെയ്തിരിക്കുകയാണ്.
ഏപ്രില്‍ 11 ന് പറഞ്ഞ അതേ കാര്യം ഏപ്രില്‍ 22ന് മറ്റൊരു തിരഞ്ഞെടുപ്പ് റാലിയിലും അദ്ദേഹം പറഞ്ഞു.
ഹിന്ദു, ബുദ്ധ, സിഖ്, ജെയ്ന്‍, ക്രിസ്ത്യന്‍ വിഭാഗങ്ങളോട് രാജ്യത്തുനിന്ന് പോകാന്‍ ആവശ്യപ്പെടില്ലെന്ന് ഇക്കഴിഞ്ഞ ഒക്ടോബര്‍ 1 ന് കൊല്‍ക്കത്തയില്‍ വച്ച് അദ്ദേഹം ഉറപ്പുനല്‍കി.
എന്നാല്‍ പൗരത്വ ഭേദഗതി ബില്ലിനും പൗരത്വ രജിസ്റ്ററിനും എതിരേ പ്രതിഷേധങ്ങള്‍ ശക്തമായതോടെ അമിത് ഷാ മലക്കം പറഞ്ഞു. ഇതൊക്കെ കിംവദന്തികളാണെന്ന് അദ്ദേഹം ആരോപിച്ചു. ഒരു തിരഞ്ഞെടുപ്പ് തന്ത്രം എന്ന നിലയില്‍ പൗരത്വത്തെ ഉപയോഗിച്ചിരുന്ന അമിത് ഷായും ബിജെപിയും ഇപ്പോള്‍ കളം മാറിചവിട്ടുകയാണ്. പൗരത്വ പട്ടിക ഒരു മതത്തെയും ദോഷകരമായി ബാധിക്കില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്.