മോദി ഭരണത്തില്‍ കണക്കു സൂക്ഷിപ്പിലും വീഴ്ച; സിഎജി റിപോര്‍ട്ടുകളില്‍ 5 വര്‍ഷത്തിനിടയില്‍ 75ശതമാനം കുറവ്
ന്യൂഡല്‍ഹി: രാജ്യത്തെ സര്‍ക്കാര്‍ സംവിധാനത്തിന്റെ കണക്കുസൂക്ഷിപ്പുകാരായ കണ്‍പ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപോര്‍ട്ടുകളില്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ 75% കുറവ്. 2015ല്‍ കേന്ദ്ര സര്‍ക്കാരിന്റെയും മന്ത്രാലയങ്ങളുടെയും 55 റിപോര്‍ട്ടുകളാണ് പുറത്തുവന്നതെങ്കില്‍ 2020 ല്‍ അത് 14 ആയി ചുരുങ്ങി. അതായത് ഏകദേശം 75 ശതമാനത്തിന്റെ കുറവ്. ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം നല്‍കിയ വിവരാവകാശരേഖകള്‍ക്കുളള മറുപടിയിലാണ് ഈ വിവരങ്ങളുളളത്.
രാജ്യത്തിന്റെ ധനപരമായ വരവുചെലവു കണക്കുകള്‍ സൂക്ഷിച്ചു വയ്ക്കുകയും വകുപ്പുകളുടെയും സര്‍ക്കാരിന്റെയും പ്രകടനം വിലയിരുത്തി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ വിലിയിരുത്തുന്നത് കണ്‍പ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) റിപോര്‍ട്ടുകളിലൂടെയാണ്. രാജ്യത്തെ ഏറ്റവും ഉന്നതമായ കണക്കുസൂക്ഷിപ്പ് ഓഫിസും ഇതുതന്നെ.
പൊതുവില്‍ അഴിമതിരഹിതമെന്ന് വിലയിരുത്തിയിരുന്ന മന്‍മോഹന്‍ സിങ്ങിന്റെ ഭരണകാലത്തെ വന്‍ അഴിമതികള്‍ പുറത്തുവന്നതുതന്നെ സിഎജി റിപോര്‍ട്ടിലൂടെയാണ്. കല്‍ക്കരി ലേലം, ആദര്‍ശ് ഹൗസിങ് സൊസൈറ്റി അഴിമതി, 2ജി ലേലം ഇതൊക്കെ അക്കാലത്ത് സിഎജി വഴി പുറത്തെത്തിയ അഴിമതികളാണ്.
അതേസമയം കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ സിഎജി റിപോര്‍ട്ട് വന്നത് എന്‍ഡിഎയുടെ ആദ്യ കാലത്താണ്. പിന്നീട് അത് കുറഞ്ഞുവന്നുവെന്നും റിപോര്‍ട്ട് പറയുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രതിരോധമന്ത്രാലയത്തിന്റെ കണക്കുകള്‍ ഓഡിറ്റ് ചെയ്ത് പാര്‍ലമെന്റില്‍ സമര്‍പ്പിക്കാറില്ല. 2017ല്‍ 8 റിപോര്‍ട്ടുകള്‍ പാര്‍ലമെന്റില്‍ വച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം ഒരു റിപോര്‍ട്ട് പോലും പാര്‍ലമെന്റിലെത്തിയില്ല. 2017ല്‍ 5 റിപോര്‍ട്ട്് തയ്യാറാക്കിയെങ്കിലും അത് പാര്‍ലമെന്റിലെത്തിയത് 2020ലാണ്.
പൊതുപണം ചെലവഴിക്കുന്ന രീതി പഠിച്ച് പ്രശ്‌നങ്ങള്‍ കണ്ടെത്തുന്ന പ്രാഥമിക ജോലിയിലാണ് സിഎജി വീഴ്ചവരുത്തിയിരിക്കുന്നതെന്ന് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ജവഹര്‍ സിര്‍കാര്‍ പ്രതികരിച്ചു. നോട്ട്‌നിരോധനം പോലുള്ളവയെക്കുറിച്ചുള്ള റിപോര്‍ട്ടുകള്‍ പോലും സിഎജി പുറത്തുകൊണ്ടുവന്നിട്ടില്ലെന്നത് ഗുരുതരമായ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.
ഭരണസംവിധാനത്തിന്റെ ധനപരമായ പ്രവര്‍ത്തനത്തെ ജനങ്ങളില്‍ നിന്ന് മറച്ചുവയ്ക്കുന്നതിനുളള ശ്രമത്തിന്റെ ഭാഗമാണ് സിഎജി റിപോര്‍ട്ടിലുള്ള കുറവെന്നാണ് പൊതു വിലയിരുത്തല്‍.
പ്രധാനമന്ത്രി മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നയാളാണ് ഇപ്പോഴത്തെ ഓഡിറ്റര്‍ ജനറലായ ജി സി മുര്‍മു.