മങ്കി പോക്‌സ് സ്ഥിരീകരിച്ച വ്യക്തിക്ക് 35 പേരുമായി സമ്പര്‍ക്കം; രോഗി നിരീക്ഷണത്തിലാണെന്നും കലക്ടര്‍
രോഗിയുമായി എന്‍എസ് ഹോസ്പിറ്റലില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് യാത്ര ചെയ്ത ടാക്‌സി ഡ്രൈവറെ ഇതുവരെ കണ്ടെത്താനായിട്ടില്ല
കൊല്ലം: ജില്ലയില്‍ മങ്കി പോക്‌സ് സ്ഥിരീകരിച്ച വ്യക്തിക്ക് 35 പേരുമായി സമ്പര്‍ക്കമുണ്ടെന്ന് കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. ഇവര്‍ ആരോഗ്യ വിഭാഗത്തിന്റെ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും രോഗി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണെന്നും കലക്ടര്‍ അറിയിച്ചു. ജൂലൈ 12ന് കൊല്ലത്ത് എത്തിയ രോഗി എന്‍എസ് ഹോസ്പിറ്റലില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് യാത്ര ചെയ്ത ടാക്‌സി ഡ്രൈവറെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും കലക്ടര്‍ പറഞ്ഞു.
ഹൈ റിസ്‌ക് കാറ്റഗറിയില്‍ ഉള്‍പ്പെടുന്നതിനാല്‍ ഹജ്ജ് കഴിഞ്ഞ് കൊല്ലം ജില്ലയിലേക്ക് വരുന്നവര്‍ നിരീക്ഷണത്തില്‍ കഴിയണം. മങ്കി പോക്‌സ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഇതിനകം അഞ്ച് ജില്ലകളില്‍ പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് പ്രത്യേക ജാഗ്രതാ നിര്‍ദേശേം. ഇതിന് പുറമേ മങ്കി പോക്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സംഘം ഇന്ന് കേരളത്തിലെത്തുന്നുണ്ട്. രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനും വ്യാപനം തടയുന്നതിനും ആവശ്യമായ സഹായം നല്‍കുന്നതിനായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിദഗ്ധ സംഘത്തെ അയക്കുന്നത്.