ന്യൂഡൽഹി: ഇന്ത്യയിൽ ആദ്യമായി മങ്കിപോക്സ് സ്ഥിരീകരിച്ചതോടെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വെള്ളിയാഴ്ച അന്താരാഷ്ട്ര യാത്രക്കാർക്കായി മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
ത്വക്കിലും ജനനേന്ദ്രിയത്തിലും മുറിവുകളുളളവരടക്കം രോഗികളുമായി അടുത്തിടപഴകുന്നത് ഒഴിവാക്കണം. ചത്തതോ ജീവിച്ചിരിക്കുന്നതോ ആയ വന്യജീവികളുമായി സമ്പർക്കം ഒഴിവാക്കണം. എലി, അണ്ണാൻ, കുരങ്ങ് പോലുള്ളവ രോഗവാഹകരാണ്. വിദേശ സഞ്ചാരികളോട് കാട്ടുമൃഗങ്ങളുടെ മാംസം കഴിക്കുകയോ തയ്യാറാക്കുകയോ ചെയ്യരുതെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
യുഎഇയിൽ നിന്ന് മടങ്ങിയെത്തിയ മലയാളിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ആഫ്രിക്കയിലെ വന്യമൃഗങ്ങളിൽ നിന്ന് നിർമിക്കുന്ന ഉൽപ്പന്നങ്ങളും ക്രീമുകളും ഉപയോഗിക്കരുത്. രോഗബാധിതരായ ആളുകൾ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ, കിടക്കകൾ അല്ലെങ്കിൽ ആരോഗ്യ സംരക്ഷണ ക്രമീകരണങ്ങളിൽ ഉപയോഗിക്കുന്ന വസ്തുക്കൾ, അതുപോലെ രോഗബാധിതരായ മൃഗങ്ങളുമായി സമ്പർക്കം പുലർത്തുന്ന വസ്തുക്കൾ എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കണം
പനി, ചുണങ്ങ് തുടങ്ങി കുരങ്ങുപനിയുടെ ലക്ഷണങ്ങൾ കണ്ടാൽ, പ്രത്യേകിച്ച് രോഗം റിപോർട്ട് ചെയ്യപ്പെട്ട പ്രദേശത്താണെങ്കിൽ, അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണം.
പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് കേരളത്തിൽനിന്ന് അയച്ച സാംപിളിലാണ് രോഗം കണ്ടെത്തിയത്. ജൂലൈ 12നാണ് കൊല്ലം ജില്ലയിലെ പ്രവാസി യുഎയിൽനിന്ന് എത്തിയത്. രോഗലക്ഷണമുള്ള വ്യക്തിയുടെ സാംപിളുകളുടെ പരിശോധനയിലൂടെയാണ് ഇന്ത്യയിലെ ആദ്യത്തെ മങ്കിപോക്സ് സ്ഥിരീകരിച്ചതെന്ന് കേരള ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.
കേരളത്തിലെ കൊല്ലം ജില്ലയിൽ നിന്നുള്ള പ്രവാസി ജൂലൈ 12 ന് യുഎഇയിൽ നിന്ന് വിമാനത്താവളത്തിൽ എത്തിയെന്നും അടുത്ത ബന്ധമുള്ളവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവനയിൽ പറഞ്ഞു.